തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോർട്ട് വാർത്താസമ്മേളനത്തിൽ ചോർത്തി നൽകിയെന്ന കോൺഗ്രസ് അംഗം വി.ഡി. സതീശന്റെ പരാതിയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നിയമസഭാ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്.
മന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് രാജ്യസഭയിലെ മുൻകാല റൂളിംഗ് ഉദ്ധരിച്ച് വിലയിരുത്തിയ സമിതി, ഇക്കാര്യത്തിൽ സഭയിൽ തുറന്ന ചർച്ച നടക്കട്ടെയെന്നും നിർദ്ദേശിക്കുന്നു. ഇന്ന് സഭയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനമെങ്കിലും, കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിന്റെ നിര്യാണം കാരണം സഭ മറ്റ് കാര്യപരിപാടികളിലേക്ക് കടക്കാനിടയില്ലാത്തതിനാൽ നാളത്തേക്ക് മാറ്റിയേക്കും.
കൽക്കരിപ്പാടം ലേലം അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പുറത്തുവിട്ടെന്ന പരാതിയിൽ പാർലമെന്റിലെ പ്രിവിലജസ് സമിതിയുടെ അദ്ധ്യക്ഷനായിരുന്ന പി.ജെ. കുര്യന്റെ റൂളിംഗാണ് സഭാസമിതി മുഖവിലയ്ക്കെടുത്തത്. സഭയിൽ അവതരിപ്പിക്കാത്തിടത്തോളം അത് സഭയുടെ അവകാശലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു റൂളിംഗ്. എന്നാൽ ഭരണഘടനാപ്രശ്നമുണ്ടെന്നും 2010ലെ റൂളിംഗിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം ഏത് രേഖയും ഏത് പൗരനും ലഭ്യമാകുമെന്നതിനാൽ, രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്ന പരാതി നിലനിൽക്കില്ലെന്നും സമിതി വിലയിരുത്തിയതായാണ് സൂചന. അതിനാൽ ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടാനാവില്ല. എന്നാൽ, ഇക്കാര്യത്തിൽ സഭയിൽ തുറന്ന സംവാദം നടക്കട്ടെയെന്ന നിഗമനത്തോടെയാണ് റിപ്പോർട്ട് എന്നാണ് വിവരം.
സമിതിയിലെ ഭൂരിപക്ഷ നിഗമനത്തോട് യു.ഡി.എഫ് അംഗങ്ങളായ വി.എസ്. ശിവകുമാറും മോൻസ് ജോസഫും അനൂപ് ജേക്കബും വിയോജിച്ചു. വിയോജനക്കുറിപ്പ് സഹിതമാകും സമിതി റിപ്പോർട്ട് സമർപ്പിക്കുക.