aa

തിരുവനന്തപുരം: സാഹിത്യ രചനയിൽ വിസ്‌ഫോടകകരമായ നിലപാട് സ്വീകരിക്കുകയും നവോത്ഥാനത്തിന് ഊർജം പകരുകയും ചെയ്ത കവിയായിരുന്നു കുമാരനാശാനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ്, കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന കുമാരനാശാൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം.കെ. സാനുവിന് കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം സമ്മാനിച്ചു. നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി, പരിസ്ഥിതി കമ്മിറ്റി, ഹർജികൾ സംബന്ധിച്ച കമ്മിറ്റി എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും മാദ്ധ്യമ അവാർഡുകളും വിതരണം ചെയ്‌തു. മന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മാണി, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ മാരായ എസ്. ശർമ്മ, മുല്ലക്കര രത്നാകരൻ, ആർ. രാമചന്ദ്രൻ, ഇ.കെ. വിജയൻ, ടി.വി. രാജേഷ്, കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വി. മധുസൂദനൻ നായർ, എം.ആർ. സഹൃദയൻ തമ്പി എന്നിവർ പങ്കെടുത്തു.