cpi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർത്ഥി നിർണ്ണയത്തിന് രണ്ട് ടേം മാനദണ്ഡം കർശനമാക്കുന്നതിലടക്കം, അന്തിമ തീരുമാനം ഫെബ്രുവരിയിൽ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും. സംസ്ഥാനത്ത് ഇടത് തുടർഭരണത്തിന് സാദ്ധ്യത ഉറപ്പാക്കുമ്പോഴും അതിനുള്ള ജാഗ്രതയും പരിശ്രമവും ഉണ്ടാവണമെന്ന് ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നിർദ്ദേശിച്ചു.

ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണം. തദ്ദേശ ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടണം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയുള്ള ജില്ലാ തല നേതൃയോഗങ്ങൾ അഞ്ച് ജില്ലകളിലേ പൂർത്തിയായുള്ളൂ. മറ്റ് ജില്ലകളിലേത് അടുത്ത സംസ്ഥാന കൗൺസിൽ യോഗത്തിന് മുമ്പ് പൂർത്തിയാക്കും. ഫെബ്രുവരി 10ന് സംസ്ഥാന എക്സിക്യൂട്ടീവും 11 മുതൽ 13 വരെ സംസ്ഥാന കൗൺസിലും ചേരും. ഈ മാസം 29 മുതൽ 31വരെ ദേശീയ എക്സിക്യൂട്ടീവും കൗൺസിലും ചേരും. തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട സമീപനം ആ യോഗത്തിൽ അംഗീകരിക്കും.

പ്രാദേശിക വികസനത്തിനും ജനങ്ങളോടുള്ള സമീപനത്തിനും മാർഗ്ഗരേഖ തയാറാക്കാനായി തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികൾക്ക് ബ്ലോക്ക്, ജില്ലാതലങ്ങളിൽ പാർട്ടി ക്ലാസ് നൽകും.