ayyappan

പാറശാല: മ്യൂറൽ പെയിന്റിംഗിലൂടെ വിരിഞ്ഞ അയ്യപ്പചരിതവുമായി കുളത്തൂർ പുല്ലുവിള ധർമ്മശാസ്‌താക്ഷേത്രത്തിലെ ശ്രീകോവിൽ വിശ്വാസികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഭക്തജനങ്ങളുടെ ചിരകാല ആവശ്യമാണ് ഇതിലൂടെ നിറവേറിയത്. മ്യൂറൽ പെയിന്റിംഗ് ചിത്രകലയിലൂടെ പ്രശസ്തനായ പരശുവയ്ക്കൽ രാധാകൃഷ്ണനാണ് (ഭാവന ആർട്സ്) ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ചുറ്റും അയ്യപ്പചരിതം ചുവർ ചിത്രങ്ങളാക്കാനുള്ള നിയോഗം ലഭിച്ചത്. പന്തള രാജാവിന്റെ ആദ്യ അയ്യപ്പ ദർശനം, മഹിഷി മർദ്ദനം, വിഷ്ണുവും ശിവനും ഉൾപ്പെടുന്ന ശങ്കരനാരാണൻ, പുലിപ്പാലുമായി മടങ്ങുന്ന അയ്യപ്പൻ, ശബരിമല ശ്രീഅയ്യപ്പൻ എന്നീ ചിത്രങ്ങൾ ശ്രീകോവിലിന്റെ മൂന്ന് പുറം ചുവരുകളിലായി ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷേത്ര മേൽശാന്തി വിഷ്ണു പോറ്റിയുടെ മേൽനോട്ടത്തിൽ രാധാകൃഷ്ണനോടൊപ്പം ബിജു കുടപ്പനമൂട്, അജയശേഖർ, സനൽ എന്നിവരടങ്ങുന്ന സംഘമാണ് അൻപത് ദിവസത്തെ പരിശ്രമത്തിനൊടുവിൽ അയ്യപ്പചരിതം പൂർത്തിയാക്കിയത്. തെക്കൻ കേരളത്തിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തൊട്ടടുത്ത മഹാഗണപതി ക്ഷേത്രവും കഴിഞ്ഞാൽ പുല്ലുവിള ധർമ്മശാസ്താ ക്ഷേത്രത്തിൽ മാത്രമാണ് ഇത്തരം ചുവർ ചിത്രങ്ങൾ കാണാൻ സാധിക്കുക. പണ്ടുകാലത്ത് പുൽമേടായിരുന്ന പ്രദേശത്തെ കാവ് പിന്നീട് ക്ഷേത്രമായി മാറുകയായിരുന്നു.

റ്റി