കണ്ണൂർ: കമ്മ്യൂണിസ്റ്ര് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ സ്വപ്ന പദ്ധതിയായിരുന്നു കോവളം-ബേക്കൽ ജലപാത. 1990 ജൂലൈയിൽ പടന്നയിൽ വച്ചായിരുന്നു അദ്ദേഹം സ്വപ്നപദ്ധതിയെ കുറിച്ച് പറഞ്ഞത്. അന്ന് ഇടക്കാലത്ത് നിന്നുപോയ കൊറ്റി-കോട്ടപ്പുറം ബോട്ട് സർവീസ് ആയിറ്റി-കോട്ടപ്പുറം റൂട്ടിൽ പരിമിതപ്പെടുത്തി സർവീസ് പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം പടന്ന ബോട്ടുജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് ബേക്കൽ-കോവളം ജലപാതയെ കുറിച്ച് നായനാർ പ്രതിപാദിച്ചത്.
ജലപാത യാഥാർത്ഥ്യമാക്കുന്നതിന് ഇടതു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് കുറെകാലം ആരും പരിഗണിക്കാതെപോയ പദ്ധതി ഇപ്പോഴത്തെ പിണറായി സർക്കാരാണ് വീണ്ടും പുറത്തെടുത്തത്. എന്നാൽ ഇടതു സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കോവളം-ബേക്കൽ സംസ്ഥാന ജലപാതക്ക് നടപടിക്ക് ഇപ്പോഴും മെല്ലെപോക്ക് തുടരുകയാണ്. 2020ൽ പാതയുടെ ഒന്നാംഘട്ടം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനമെങ്കിലും പലയിടത്തും പ്രാരംഭ പ്രവൃത്തികൾ പോലും നടന്നിട്ടില്ല. പാത തയ്യാറായ ഭാഗങ്ങളിൽ ബോട്ടിറക്കണമെങ്കിൽ ചെയ്തതെല്ലാം വീണ്ടും ചെയ്യേണ്ട സ്ഥിതിയാണ്. ജലപാത ഉണ്ടാക്കി കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ പാതയിലൂടെ സർവീസ് നടത്തണം. അല്ലെങ്കിൽ മണലെടുത്ത് ആഴം കൂട്ടിയ ട്രാക്കുകളിൽ മണൽ നിറഞ്ഞ് പൂർവ്വസ്ഥിതിയിലാകും. പാത പണിതതല്ലാതെ ബോട്ടുകളുടെ സ്ക്രൂയിംഗ് ഇല്ലാത്തതിനാൽ മുടക്കിയ കോടികൾ വെള്ളത്തിലായി എന്നുമാത്രം.
കേന്ദ്ര സർക്കാർ സഹകരണത്തോടെ മൂന്ന് ഘട്ടമായി പദ്ധതി പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ടമായി കോവളം മുതൽ ബേക്കൽ വരെയുള്ള കനാൽ ശുചീകരണ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ചെയ്യേണ്ടിയിരുന്ന അടിസ്ഥാന പ്രവൃത്തികൾ പോലും പലയിടത്തുമായിട്ടില്ല. കോവളം മുതൽ ബേക്കൽ വരെയുളള 620 കിലോമീറ്റർ ജലപാതയിൽ സംസ്ഥാന സർക്കാർ പൂർത്തിയാക്കേണ്ടത് 292 കിലോമീറ്റർ പാതയാണ്. കോവളം മുതൽ കൊല്ലം വരെയുളള 74 കിലോമീറ്ററും കോഴിക്കോട് മുതൽ ബേക്കൽ വരെയുള്ള 218 കിലോമീറ്ററും കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള 328 കിലോമീറ്റർ ദേശീയ ജലപാതയാണ്. ഇതിന്റെ നിർമ്മാണം നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്.
പദ്ധതി യാഥാർത്ഥ്യമാക്കാനായി മുഖ്യമന്തി ചെയർമാനായി കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോർഡ് എന്ന ഏജൻസിക്ക് സർക്കാർ രൂപം നൽകി. രണ്ട് വർഷങ്ങളിലായി 134 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ തുക കൊണ്ട് തിരുവനന്തപുരം പാർവതി പുത്തനാറും കോഴിക്കോട്ട് കനോലി കനാലുമെല്ലാം ചെളി മാറ്റി നവീകരിച്ചെങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. മാഹി മുതൽ വളപട്ടണം വരെയുളള ഭാഗത്ത് പുതിയ മൂന്നു കനാലുകൾ നിർമിക്കണം. ഇതിന്റെ സ്ഥലംപോലും ഏറ്റെടുത്തിട്ടില്ല. പദ്ധതിയോട് സർക്കാർ കാട്ടുന്ന വിമുഖതയാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായി ചൂണ്ടികാട്ടുന്നത്.