boy

കൊച്ചി : എറണാകുളം വൈറ്റില തൈക്കൂടത്ത് ഒൻപതു വയസുകാരനെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച സംഭവത്തിൽ യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. കുട്ടിയുടെ സഹോദരീ ഭർത്താവ് എന്നു പറയുന്ന അങ്കമാലി ചമ്പന്നൂർ സ്വദേശി പ്രിൻസിന് 19 വയസാണ് പ്രായം. യുവാവിനെ ഇന്നലെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. കുട്ടി തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സാധനം വാങ്ങാൻ നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. ഇയാൾ സ്ഥിരമായി കുട്ടിയെ മർദ്ദിക്കുകയും കഴുത്തിന് പിടിച്ച് തൂക്കിയെടുക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിവരം. അമ്മയ്ക്കും സഹോദരിക്കും പ്രിൻസിനെ ഭയമായതിനാൽ എതിർത്തിരുന്നില്ല. രണ്ട് പാദത്തിനടിയിലും മുട്ടുകളിലും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് കിടപ്പുരോഗിയാണ്. പിതാവിന് സുഖമില്ലാതായതോടെ മാതാവും ജോലിക്കു പോകുന്നതു നിർത്തി. ആശുപത്രിയിൽ വച്ചാണ് പ്രതി കുട്ടിയുടെ കുടുംബവുമായി പരിചയത്തിലായത്. ഇയാൾ ഹോം നഴ്‌സാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രണ്ടു മാസം മുമ്പ് ഇയാൾ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.