ksrtc

' ബിജു പ്രഭാകറിനെ അധികകാലം വച്ചുകൊണ്ടിരിക്കില്ല'- കഴിഞ്ഞ ശനിയാഴ്ച കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകറിന്റെ വാർത്താസമ്മേളനം കണ്ടശേഷം അതേസ്ഥാപത്തിൽ നിന്നും വിരമിച്ച മുത്തുകൃഷ്ണന്റെ വാക്കുകളാണിത്. കോർപറേഷന്റെ മേധാവി അവിടെ നടക്കുന്ന കുറച്ചു തട്ടിപ്പ് പുറത്തുകൊണ്ടു വന്നാൽ, ആർക്കെങ്കിലും എതിരെ ശിക്ഷാനടപടി സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് കഴിഞ്ഞ കുറച്ചു വർഷത്തെ അനുഭവം. അല്ലെങ്കിൽപ്പിന്നെ, എങ്ങനെയാണ് ഇടതുസർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ മേധാവിമാർ അഞ്ചുവട്ടം തെറിക്കുന്നത്!

അറിഞ്ഞതിൽ കുറച്ചു തട്ടിപ്പു മാത്രമാണ് ബിജുപ്രഭാകർ പുറത്തു പറഞ്ഞത്. പറയാത്ത ചില കണക്കുകളും അതിന്റെ വെട്ടിപ്പ് സാദ്ധ്യതാ കണക്കുകളും സെക്രട്ടേറിയറ്റിലെ ഓഫീസിലുണ്ട്. കെ.എസ്.ആർ.ടി.സിയിൽ അഴിമതി എന്നു കേൾക്കുമ്പോൾ ജനത്തിന്റെ മനസിൽ വരുന്നത് ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ചിത്രമാണ്. രാപകൽ വിയർപ്പും പൊടിയുമേറ്ര് തിരക്കുള്ള ബസിൽ കൊവി‌ഡിനെ പേടിച്ചിട്ടാണെങ്കിലും ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ് മിക്ക ഡ്രൈവർമാരും കണ്ടക്ടർമാരും. ലോക്ക് ഡൗണാനന്തരം ബസിൽ യാത്രക്കാർ കൂടി വരുന്നതിന്റേയും കളക്ഷൻ കൂടുന്നതിന്റേയും പ്രധാന കാരണക്കാർ ഇതേ കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്.

ജീവനക്കാരിൽ വെറും അഞ്ചുശതമാനം പേരാണ് തട്ടിപ്പുംവെട്ടിപ്പും നടത്തുന്നതെന്നേ മേധാവി പറഞ്ഞുള്ളൂ. അദ്ദേഹം ചൂണ്ടിക്കാട്ടിയ ക്രമക്കേടിലൊന്നാണ് ഡീസൽ വെട്ടിപ്പ്. അതു സംബന്ധിച്ച ഏകദേശ കണക്ക് ഗതഗാത വകുപ്പ് തയ്യാറാക്കി വരുന്നതേയുള്ളൂ. പ്രാഥമിക കണക്കനുസരിച്ച് ഒരു മാസം ഒരു കോടി മുതൽ രണ്ടുകോടി രൂപ വരെയുള്ള വെട്ടിപ്പ് ലോക്ക് ഡൗണിനു തൊട്ടുമുമ്പുവരെ നടന്നിരുന്നു എന്നാണ് കണക്കാക്കുന്നത്. അത്രയും വെട്ടിപ്പ് നടത്താൻ ഒരു ബസ് ഒരു ദിവസം ആകെ ഓടുന്നതിൽ പത്ത് കിലോമീറ്റർ കൂടുതൽ കാണിച്ചാൽ മതി. ലോക്ക് ഡൗണിനു മുമ്പ് നാലായിരത്തിലേറെ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഒരു ബസ് സഞ്ചരിക്കുന്ന ദൂരത്തിൽ 10 കിലോമീറ്റർ കൂടുതൽ കാണിച്ചാൽ, 4000 ബസുകൾ ഓടുമ്പോൾ കൂട്ടികാണിക്കാവുന്ന കണക്ക് 40000 കിലോമീറ്ററാണ്. ബസിന്റെ മൈലേജ് ലിറ്ററിന് നാലുകിലോമീറ്റർ എന്ന കണക്കിൽ വെട്ടിപ്പ് നടത്താൻ കിട്ടുന്നത് പതിനായിരം ലിറ്ററാണ്. ഡീസൽ ലിറ്റർ 69 രൂപ വച്ച് കണക്കാക്കുമ്പോൾ തന്നെ 6,90,000. മുപ്പത് ദിവസം ഇതേക്രമത്തിൽ വെട്ടിപ്പ് നടന്നാൽ 2,07,00,000 രൂപയാകും. കൃത്യമായി കണക്കുകൾ സൂക്ഷിക്കുയും ആത്മാർത്ഥമായി ജോലി ചെയ്യുന്നവരും ഇത്തരം വെട്ടിപ്പിന് കൂട്ടുനിൽക്കില്ല. എന്നാലും പ്രതിമാസം ഒരു കോടി രൂപയെങ്കിലും ഏതോ വഴി ഒഴുകുന്നു. ഇതൊരു കേന്ദ്രീകൃത വെട്ടിപ്പല്ല. പല ഡിപ്പോകളിൽ നിന്ന് പലരായി ചെറിയ തോതിലുള്ള വെട്ടിപ്പ് നടത്തിയാലും കോർപ്പറേഷന് വരുന്നത് വൻ സാമ്പത്തിക ബാദ്ധ്യത. പക്ഷേ, ഇത് കണ്ടെത്താനോ നടപടിയെടുക്കാനോ ഇതുവരെ ആരും തയാറായിട്ടില്ല. അഥവാ തയാറായിട്ടുണ്ടെങ്കിൽ അവരെല്ലാം സംഘടിത ശക്തിക്കുമുന്നിൽ തോറ്റു പിന്മാറിയിട്ടുമുണ്ട്.

ഡീസൽ വെട്ടിപ്പിന്

രണ്ട് രീതി

ഒന്ന്

കൊണ്ടു വരുന്ന ഡീസൽ മുഴുവൻ ഡിപ്പോകളിലിറക്കാതെ നടത്തുന്ന 'കച്ചവടം'.

രണ്ട്

ബസിൽ നിന്നുള്ള ഊറ്റൽ (സ്റ്റേ ബസും മറ്റും കുറഞ്ഞതോടെ രണ്ടാമത്തെ വെട്ടിപ്പ് കുറവാണ് ഇപ്പോൾ)

ഡീസൽ ഓട്ടം

കഴി‌ഞ്ഞ തിങ്കളാഴ്ച ഓടിയത്. 9,94,533 കിലോമീറ്റർ, സർവീസ് 3,051

ചെലവായ ഡീസൽ 2,38,301 ലിറ്റർ

ഇന്ത്യൻ ഓയിൽ കോർപറേഷന് ഡീസലിന് നൽകുന്ന തുക പ്രതിദിനം 2.80 കോടി രൂപ

വിവാഹസദ്യ മിസാവില്ല,

ലീവും എടുക്കണ്ട
കരുനാഗപ്പള്ളിയിൽ ഒരു ബസ് പരിശോധിക്കാൻ എട്ട് ചെക്കിംഗ് ഇൻസ്പെക്ടർമാർ ! ആകെ യാത്രക്കാർ 22 പേർ. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണം നടന്നു. അവിടെ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മകളുടെ വിവാഹം. ലീവെടുക്കാതെ വിവാഹത്തിനു വന്നവരാണ് ചെക്കിംഗ് ഇൻസ്പെക്ടർമാർ. മണ്ഡപത്തിനടുത്തുള്ള സ്റ്റോപ്പിലെ ബസിലാണ് ഒരുമിച്ചുള്ള പരിശോധന. ഓച്ചിറ എത്തിയപ്പോൾ അന്നത്തെ കർത്തവ്യം നിർവഹിച്ചുവെന്ന ആത്മഹർഷത്തോടെ എട്ടുപേരും ഇറങ്ങിപ്പോയി.

വരുന്ന ബസുകൾ ചെക്ക് ചെയ്യുക,ടിക്കറ്റ് പരിശോധിക്കുക, യാത്രക്കാർക്ക് സൗകര്യം ഉറപ്പാക്കുക ഇതൊക്കെയാണ് ചെയ്യേണ്ടത്. പക്ഷേ,

ചെയ്യുന്നത് തിരുവനന്തപുരത്ത് ഒരു ബസ് ചെക്ക് ചെയ്യാൻ പറഞ്ഞാൽ നേരെ പാളയത്ത് ചെന്ന് നിൽക്കും. ഒരു ബസിൽ കയറി രണ്ട് സ്ളിപ്പ് വാങ്ങും അതു പോക്കറ്റിൽ വയ്ക്കും, തീർന്നു പണി!

പിന്നെ അവിടുന്ന് മുങ്ങുന്നത് വീട്ടിലേക്കാണ്, ഊണു കഴിക്കാൻ. വൈകിട്ട് സാധനം വാങ്ങാൻ പോകും. ഇങ്ങനെ സ്വകാര്യ ആവശ്യങ്ങളൊക്കെ ഡ്യൂട്ടിക്കിടയിൽ നടക്കും. ഇവരെ 'ചെക്ക് ചെയ്യാൻ' ആരുമില്ല.

യൂണിയൻ നോക്കിയാണ് ജീവനക്കാരുടെ പേരിൽ നടപടി എടുക്കുന്നത്. ബസിൽ കയറി ടിക്കറ്റ് പരിശോധിക്കുമ്പോൾ യാത്രക്കാരൻ ടിക്കറ്രെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിടിവീഴും. ചെക്കിംഗ് ഇൻസ്പെക്ടർ ഭരണ പക്ഷവും കണ്ടക്ടർ പ്രതിപക്ഷ യൂണിയനിലും പെട്ട ആളാണെങ്കിൽ ഇൻക്രിമെന്റ് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടിക്ക് കണ്ടക്ടർ വിധേനയനാകും. ഒരേ യൂണിയനാണെങ്കിലും 'കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ' എന്ന മട്ടിൽ ശാസനയും നല്ല നടപ്പ് ഉപദേശവും നൽകി അവരങ്ങ് പോകും.

(തുടരും)