worms

നാടവിര, കൊക്കപ്പുഴു, കൃമി തുടങ്ങിയവയാണ് വിര രോഗങ്ങൾക്ക് കാരണം.

വയറുവേദന, വയറിളക്കം, ഓക്കാനമോ ഛർദ്ദിയോ, ഗ്യാസ്, വയറുവീർത്ത അവസ്ഥ, ക്ഷീണം, കാരണമില്ലാത്ത മെലിച്ചിൽ, വയറിൽ തൊട്ടാൽ വേദന എന്നിവയാണ് വിരരോഗമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.

നന്നായി വേവിക്കാത്ത മത്സ്യം, പശു, പന്നി എന്നിവകളുടെ മാംസം എന്നിവയാണ് വിരരോഗത്തിന് പ്രധാന കാരണം. മലിനമായ കുടിവെള്ളം, മലിനമായ മണ്ണിൽ കളിക്കുക, വിസർജ്ജ്യവുമായുള്ള സമ്പർക്കം, ശുചിത്വമില്ലായ്മ, വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ എന്നിവ കാരണം രോഗമുണ്ടാകാം.

ഏതെങ്കിലും കാരണവശാൽ വിരയുടെ മുട്ടകൾ ശരീരത്തിൽ പ്രവേശിച്ചാൽ കുടലുകളിൽ അവ വളർച്ച പ്രാപിക്കുകയും വർദ്ധിക്കുന്ന മുറയ്ക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും.

കുട്ടികളിലാണ് ഏറ്റവും കൂടുതൽ കുടൽ വിരകൾ കാണുന്നത്. സ്കൂൾ ഗ്രൗണ്ടുകളിൽ നിന്നും മറ്റു വൃത്തിയില്ലാത്ത കളി സ്ഥലങ്ങളിൽ നിന്നുമാണ് കുട്ടികളിൽ വിര പ്രവേശിക്കുന്നത്. വൃദ്ധരിൽ വിരയുടെ ശല്യം കാണുന്നത് അവരുടെ രോഗപ്രതിരോധശേഷി കുറയുന്നതുകൊണ്ടാണ്. വൃത്തിയില്ലാത്ത ടോയ്ലറ്റുകളും മലിനമായ കുടിവെള്ളവുമാണ് വിരരോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ തടസ്സമായി നിൽക്കുന്നത്.

മല പരിശോധനകൊണ്ടുമാത്രം വിരയുടെ സാന്നിദ്ധ്യം മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. പലപ്പോഴും മറ്റു പരിശോധനകളും ഇക്കാര്യത്തിൽ ആവശ്യമായി വരാറുണ്ട്.

നാടവിര പോലുള്ളവ രോഗപ്രതിരോധശേഷിയുള്ളവരിലും ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതിയുമുള്ളവരിലും അധികനാൾ ശല്യമുണ്ടാക്കാനാകാതെ സ്വയം കീഴടങ്ങുന്നതാണ് പതിവ്.

മലത്തിൽ രക്തമോ പഴുപ്പോ കാണുക, എല്ലാദിവസവും അല്ലെങ്കിൽ വളരെ കുറഞ്ഞ ഇടവേളകളിൽ ഛർദ്ദിക്കുക, ശരീരോഷ്മാവ് വർദ്ധിക്കുക, വളരെ വർദ്ധിച്ച ക്ഷീണവും നിർജ്ജലീകരണവും ഉണ്ടാകുക എന്നീ അവസ്ഥകളെ കൂടുതൽ ഗൗരവമുള്ള ലക്ഷണങ്ങളായി കാണണം.

കുടലിൽ തടസ്സമുണ്ടാക്കുന്നതിനും വിളർച്ച രോഗമുണ്ടാക്കുന്നതിനും വിരകൾക്ക് സാധിക്കും. ഗർഭാവസ്ഥയിൽ കാണുന്ന വിരരോഗങ്ങളെ സൂക്ഷിച്ചു വേണം ചികിത്സിക്കാൻ.