keralakaumudiyil-vanna-ne

കല്ലമ്പലം: വഴിതെറ്റി എങ്ങനെയോ കല്ലമ്പലത്ത് അകപ്പെട്ട പൊമേറിയൻ ഇനത്തിൽപ്പെട്ട വളർത്തു നായയുടെ യജമാനനായുള്ള കാത്തിരിപ്പിന് വിരാമം. തുണയായത് കേരളകൗമുദി വാർത്ത. 19 ന് "പൊമേറിയൻ നായ യജമാനനെ തേടുന്നു" എന്ന തലക്കെട്ടിൽ പത്രത്തിൽ നായയുടെ ഫോട്ടോയടക്കമുള്ള വാർത്ത വന്നിരുന്നു. വാർത്തയിലൂടെ തന്റെ നായയെ തിരിച്ചറിഞ്ഞ ഉടമ കല്ലമ്പലം വെയിലൂർ ഗീതത്തിൽ ബെൻ ഇന്നലെ നായയെ തേടി കല്ലമ്പലം കേരളകൗമുദി ഓഫീസിലെത്തി. ഓഫീസിനു മുന്നിൽ നായയെ കണ്ട ബെന്നും നായയും പരസ്പരം തിരിച്ചറിഞ്ഞു. നായയുടെ ഓമനപ്പേരായ "കുഞ്ഞാ" എന്നു വിളിക്കേണ്ട താമസം ഓടിയടുത്തെത്തിയ കുഞ്ഞനെ ബെൻ വാരിപ്പുണർന്നു. ഇരുവരുടെയും സ്നേഹ പ്രകടനം കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. നായയെ 15 ദിവസം മാത്രം പ്രായമുള്ളപ്പോൾ വീട്ടിൽ കൊണ്ടുവന്നതാണെന്നും ഇപ്പോൾ ഏകദേശം 10 വർഷത്തിൽ കൂടുതലായെന്നും വീട്ടിലെ ഒരംഗത്തെ പോലെയാണ് കുഞ്ഞനെന്നും ബെൻ പറഞ്ഞു. കുഞ്ഞനെ കാണാതായിട്ട് ഒരുമാസമായെന്നും ഗേറ്റിനു വെളിയിൽ പോകാത്ത നായയെ ആരോ മോഷ്ടിച്ചതാകാമെന്നും ഇണങ്ങാത്തതുകൊണ്ട് വഴിയിൽ ഉപേക്ഷിച്ചതാകാമെന്നും ബെൻ പറഞ്ഞു. ഇതിനിടയിൽ പത്രത്തിൽ വാർത്ത കണ്ട് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേർ കേരളകൗമുദി ബ്യൂറോയുമായി ബന്ധപ്പെട്ട് നായയെ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഒരിയ്ക്കലും തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടുപോയെന്നു കരുതിയ കുഞ്ഞനെ തിരികെകിട്ടാൻ സഹായിച്ച കേരളകൗമുദിക്കും കല്ലമ്പലം ലേഖകൻ സുനിൽകുമാറിനും നന്ദി പറഞ്ഞാണ് കുഞ്ഞനുമായി ബെൻ മടങ്ങിയത്.