പ്രതിബന്ധങ്ങൾ ഒരിക്കൽക്കൂടി മറികടന്ന് ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി നടപ്പിലാവുകയാണ്. കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച ഈ പദ്ധതിക്കു വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങേണ്ടതായിരുന്നു. ശിലാസ്ഥാപനം വരെ നടന്നെങ്കിലും പിന്നീട് കേന്ദ്രം ഇതിൽ നിന്നു പിൻവാങ്ങുകയാണുണ്ടായത്. ഇതിനെതിരെ വിവിധ വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരും ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്നാണ് എഴുപതുകോടി രൂപയുടെ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര ടൂറിസംവകുപ്പ് തയ്യാറായത്. ഏതായാലും കുറച്ചു വൈകിയാണെങ്കിലും പദ്ധതിക്കു വീണ്ടും ജീവൻവച്ചതിൽ സംസ്ഥാനത്തിന് ആഹ്ളാദിക്കാം.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതവുമായി ഏറെ അടുത്ത ശിവഗിരി ഉൾപ്പെടെ നാലുകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നത്. ശിവഗിരിക്കു പുറമേ ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ എന്നീ പവിത്ര സങ്കേതങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നാലിടത്തും കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമിപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ശിവഗിരിയിലെ മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ 41 കോടി രൂപയുടേതാണ്. പ്രധാന പ്രവേശന കവാടം, തീർത്ഥാടകർക്കുള്ള വിശ്രമ സങ്കേതങ്ങൾ, മഴ പെയ്താൽ കയറി നിൽക്കാനുള്ള ഷെൽട്ടറുകൾ, അന്നദാന മണ്ഡപം, ശുദ്ധജല വിതരണ കേന്ദ്രങ്ങൾ, ക്രാഫ്‌റ്റ് ബസാർ, പാർക്കിംഗ് കേന്ദ്രങ്ങൾ, സോളാർ വിളക്കുകൾ, ടോയ്‌ലറ്റ് ബ്ളോക്കുകൾ എന്നിങ്ങനെ ഒരു തീർത്ഥാടന കേന്ദ്രത്തിന് ഏറ്റവും ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. മറ്റു മൂന്നു കേന്ദ്രങ്ങളിലും ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാകും ഫണ്ട് വിനിയോഗിക്കുക.
ഗുരുവിന്റെ പാദസ്പർശത്താൽ വിശുദ്ധമായ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന പാതയും അവിടങ്ങളിൽ വിപുലമായ സൗകര്യങ്ങളും ഒരുക്കണമെന്നത് ദീർഘകാലമായി ഉയരുന്ന ആവശ്യമാണ്. ഈ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ലക്ഷക്കണക്കിനു തീർത്ഥാടകർ എത്തുന്ന ശിവഗിരിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴത്തേതിന്റെ പലമടങ്ങായി വർദ്ധിപ്പിക്കേണ്ട നിലയിലേക്കാണ് ഓരോ വർഷവും അവിടെയെത്തുന്ന തീർത്ഥാടകരുടെ ഒഴുക്ക്. അതുപോലെ ചെമ്പഴന്തിയിലും അരുവിപ്പുറത്തും കുന്നുംപാറയിലും സൗകര്യങ്ങൾ വളരെയധികം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ അതിനു പരിഹാരമുണ്ടാകും.
നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമിപൂജ സമംഗളം നടന്നുകഴിഞ്ഞ സ്ഥിതിക്ക് പദ്ധതി പ്രകാരമുള്ള നിർമ്മാണ ജോലികൾ എത്രയും വേഗം ആരംഭിക്കാനുള്ള നടപടിയാണ് ഇനി വേണ്ടത്. കൃത്യമായ സമയ പട്ടിക തയ്യാറാക്കി നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കുകയും വേണം. തർക്കങ്ങളിലും പ്രതിബന്ധങ്ങളിലും പെട്ട് പണി നിലയ്ക്കാനിടവരരുത്. മഠാധിപന്മാരും ഉദ്യോഗസ്ഥരും മുനിസിപ്പൽ അധികൃതരും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ മുന്നോട്ടുവരണം. സംസ്ഥാന ടൂറിസം വകുപ്പും ചെയ്യാവുന്നത്ര സഹായം നൽകണം. ഇതു പറയാൻ കാരണം ആദ്യം ഈ പദ്ധതി നടപ്പാക്കാനൊരുങ്ങിയ വേളയിൽ സംസ്ഥാന ടൂറിസം വകുപ്പ് അതിന്റെ നടത്തിപ്പ് തങ്ങളെ ഏല്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രം വിസമ്മതിക്കുകയാണുണ്ടായത്. അന്ന് നിർമ്മാണ ജോലികൾക്കു ശിലാസ്ഥാപനം നടത്തിയത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ്.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. കൊവിഡ് മഹാമാരിക്കു മുൻപ് അത് പ്രതിവർഷം ഏതാണ്ട് 3500 കോടി രൂപയ്ക്കടുത്തായിരുന്നു. വർത്തമാന കാലത്ത് തീർത്ഥാടനവും ടൂറിസത്തിന്റെ ഭാഗം തന്നെയായി മാറിക്കഴിഞ്ഞു. ഇതര സംസ്ഥാനങ്ങൾ ഇതിലൂടെ വലിയ വരുമാനമാണ് നേടുന്നത്. തീർത്ഥാടന കേന്ദ്രങ്ങൾ വേണ്ട രീതിയിൽ വികസിപ്പിക്കാനോ സൗകര്യങ്ങൾ വിപുലമാക്കാനോ നമുക്കു കഴിയാത്തതിനാൽ തീർത്ഥാടനം വഴിയുള്ള വരുമാനത്തിനു പരിമിതിയുണ്ട്. മാത്രമല്ല മാർക്കറ്റിംഗിലും നാം ഏറെ പിന്നിലാണ്. ശബരിമലയും ഗുരുവായൂരും ഒഴിച്ചുനിറുത്തിയാൽ ഈയിനത്തിൽ പറയത്തക്ക വലിയ വരുമാനമൊന്നും നേടാൻ സംസ്ഥാനത്തിനു കഴിയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശിവഗിരി തീർത്ഥാടന സർക്യൂട്ട് പോലുള്ള വികസന പദ്ധതികൾ ഏറെ സംഗതമാകുന്നത്. കേന്ദ്രത്തിന്റെ സ്വദേശിദർശൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാൻ നമുക്കും കഴിയണം.
ദേശീയ പ്രാധാന്യവും നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള എത്രയോ വലിയ തീർത്ഥാടന കേന്ദ്രങ്ങൾ ഇവിടെയുമുണ്ട്. എത്തിപ്പെടാനോ എത്തിയാൽത്തന്നെ വേണ്ട താമസ സൗകര്യങ്ങളോ ഇല്ലാത്തതാണ് പല തീർത്ഥാടന കേന്ദ്രങ്ങളും നേരിടുന്ന പരിമിതികൾ. ലോകനിലവാരത്തിൽ ഇത്തരം തീർത്ഥാടന കേന്ദ്രങ്ങളെ മാറ്റിയെടുക്കാൻ സാധിക്കണം. തീർത്ഥാടകർ മാത്രമല്ല വളരെയധികം സാധാരണ യാത്രികരും അപ്പോൾ ഇവിടങ്ങളിലെത്തും. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതിന്റെ തിരിച്ചടികൾ ഏറെ അനുഭവപ്പെടുന്നുണ്ട്. മികച്ച റോഡുകൾ, വാസകേന്ദ്രങ്ങൾ, ഗതാഗതം എന്നിവ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ബഹുദൂരം മുന്നോട്ടുപോകണം.
നിലവറയിൽ സൂക്ഷിച്ചിട്ടുള്ള നിധികുംഭങ്ങളുടെ വിവരം വെളിച്ചത്താകുന്നതിനു മുൻപുതന്നെ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭക്തരെ മാത്രമല്ല ചരിത്ര - കലാകുതുകികളെയും ആകർഷിച്ചിരുന്നു. മഹാക്ഷേത്ര പട്ടികയിൽ പ്രഥമ സ്ഥാനമുള്ള ഈ ക്ഷേത്രത്തിന്റെ യശസ് ഇന്നു രാജ്യത്തിനു പുറത്തും എത്തിനിൽക്കുകയാണ്. കേന്ദ്ര സർക്കാർ എൺപതുകോടി രൂപയാണ് ക്ഷേത്രവും പരിസരങ്ങളും നവീകരിക്കാൻ അനുവദിച്ചത്. അഞ്ചുവർഷത്തിലേറെയായി പണി നടന്നിട്ടും പദ്ധതി പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെടുകാര്യസ്ഥതയുടെയും പ്രാപ്തിക്കുറവിന്റെയും ഉദാഹരണമായി നവീകരണ പദ്ധതി അങ്ങനെ നീളുന്നു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിക്ക് ഈ ഗതി ഉണ്ടാകാതിരിക്കാൻ നടത്തിപ്പുകാർ പ്രത്യേക ശ്രദ്ധ പുലർത്തണം.
ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവിതാംകൂറിലെ പൈതൃക മന്ദിരങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും നവീകരിക്കാനുള്ള നൂറുകോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുകയാണ്. നാലുഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്. പൈതൃക മന്ദിരങ്ങൾ മോടികൂട്ടി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും. പദ്‌മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ 19 മന്ദിരങ്ങളാകും ആദ്യഘട്ടത്തിൽപ്പെടുന്നത്. പദ്‌മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന പൈതൃക ടൂറിസം പദ്ധതി വലിയ മുതൽക്കൂട്ടാകേണ്ടതാണ്. എത്രയും വേഗം അതു പൂർത്തിയാകട്ടെ എന്ന് ആശംസിക്കാം. കണ്ണിനും മനസിനും ആനന്ദം നൽകുന്നതു കൂടിയാകണം തീർത്ഥാടന കേന്ദ്രങ്ങളിലെ നവീകരണ പരിപാടികൾ എന്ന കാര്യം മറക്കരുത്.