
താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ, മലയാളസിനിമയുടെയും മലയാളികളുടെ ആകെ തന്നെയും സ്വകാര്യഅഹങ്കാരമായ മോഹൻലാലിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം ഉള്ളതാണ് താരത്തിന്റെ ഈ കുടുംബചിത്രം. അമ്മയുടെ കൈകളിൽ കൈക്കുഞ്ഞായി ഇരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് നിറം നൽകിയ അഭിനയ വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ - മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടായി മലയാളസിനിമയുടെ സഞ്ചാരവും. മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ തെളിച്ചു. 1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഏക സഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ലാണ് മരിക്കുന്നത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും. അച്ഛൻ വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു.
മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ സ്കൂൾ ജീവിതത്തിനും അവിടുത്തെ കൂട്ടുകാർക്കും വലിയ പങ്കുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി. ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിലാണ് താരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവസാന്നിദ്ധ്യമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ കലാമേളയിൽ മികച്ച നടനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുന്നത്. ‘കമ്പ്യൂട്ടർ ബോയ്’ എന്നു പേരിട്ട നാടകത്തിൽ കുഞ്ഞുലാലിന് ലഭിച്ചത് തൊണ്ണുറുകാരന്റെ വേഷമായിരുന്നു. സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം.ജി.കോളേജിൽ ചേർന്ന മോഹൻലാലിന്റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ. ജീവിതത്തിൽ എന്നും ചേർത്തുപിടിക്കുന്ന ആ സൗഹൃദങ്ങൾ മലയാളസിനിമയിലെ നടനവിസ്മയമായി മോഹൻലാലിനെ വാർത്തെടുക്കുന്നതിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.