തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുള്ള ലൈവ് കണ്ട് ഫോളോവേഴ്സ് ഒന്ന് അമ്പരന്നു. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സംഭവങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു.
“ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.നിലവിൽ നസ്രിയ വിദേശത്താണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളും സിനിമ വാർത്തകളുമെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ അവസാനം ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി ടൊയോട്ടയുടെ ആഡംബര എസ്‍.യു.വി ആയ വെൽഫെയർ കൂടി എത്തിയിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹസത്കാരത്തിന് ഫഹദും നസ്രിയയും എത്തിയതും ഈ പുതിയ ടൊയോട്ട വെൽഫയറിൽ ആയിരുന്നു. ഏതാണ്ട് 83.99 ലക്ഷം രൂപയോളമാണ് വെൽഫെയറിന്റെ കേരളത്തിലെ എക്സ്‌ഷോറൂം വില. മലയാളസിനിമ താരങ്ങക്കിടയിൽ ഏറെ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നു കൂടിയാണ് വെൽഫെയർ. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരും മുൻപ് വെൽഫെയർ സ്വന്തമാക്കിയിരുന്നു.