general

ബാലരാമപുരം: പട്ടയമില്ലാതെ പുറമ്പോക്കിൽ തലചായ്ക്കാൻ വിധിക്കപ്പെട്ട സന്ധ്യയ്ക്കും കുടുംബത്തിനും സഹായവുമായി പഞ്ചായത്ത് പ്രസിഡന്റ്. ഭർത്താവ് ഉപേക്ഷിച്ചുപോയ തേമ്പാമുട്ടം ഇടക്കോണം കുളത്തിൻകരവീട്ടിൽ സന്ധ്യയുടെ മൂത്ത മകൻ ഒരു വർഷത്തോളമായി കിടപ്പുരോഗിയാണ്. ആരും തുണയില്ലാതെ ഉപജീവനമാർഗങ്ങളില്ലാതെ ക്ലേശത നേരിടുന്ന സന്ധ്യയുടെ കുടുംബത്തിന്റെ ദുരവസ്ഥ ജനുവരി 4 ന് കേരള കൗമുദിയിൽ വാർത്തയായതോടെ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ സെക്രട്ടറി ബിജുകുമാർ എന്നിവർ സന്ധ്യയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു.

സന്ധ്യ തന്റെ സാമ്പത്തിക ദൈന്യതയും സാഹചര്യവും പഞ്ചായത്ത് അധികൃതരെ അറിയിച്ചു. സഹായവാഗ്ദാനവുമായി മടങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം വീണ്ടും വീട് സന്ദർശിച്ച് കട്ടിൽ,​ വീൽചെയർ,​ മരുന്നുകൾ,​ യൂറിൻ ബാഗുകൾ,​ ഭക്ഷ്യധാന്യകിറ്റുകൾ എന്നിവ കൈമാറുകയായിരുന്നു. വൈദ്യുതി കണക്ഷനും​ പട്ടയം ലഭ്യമാക്കലും വീട് നിർമ്മാണവും ഉൾപ്പെടെ സർക്കാരിന്റെ എല്ലാവിധ ആനുകൂല്യവും ലഭ്യമാക്കുമെന്ന് വി.മോഹനൻ സന്ധ്യയുടെ കുടുംബത്തിന് ഉറപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി,​ പഞ്ചായത്ത് സെക്രട്ടറി ആർ.റ്റി.ബിജുകുമാർ,​ മെഡിക്കൽ ഓഫീസർ ഡോ.ആർ.എം.ബിജു,​ ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ,​ പാലിയേറ്റീവ് കെയർ ഹെൽത്ത് നഴ്സ് സിന്ധു,​ വാർഡംഗം രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

2018 ൽ മഴയത്ത് സന്ധ്യയുടെ വീട് തകർന്നിരുന്നു. വീട് മെയിന്റനൻസിന് വില്ലേജിൽ അപേക്ഷ നൽകിയെങ്കിലും യാതൊരുവിധ ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും സ്വന്തമായി ഭൂമിയും പട്ടയവും ഇല്ലാത്തതുകാരണം ലൈഫ് ഭവനപദ്ധതിൽ നിന്നു ഒഴിവാക്കപ്പെടുകയായിരുന്നു. ടാർപോളിൻ മൂടിയ ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന കൂരയ്ക്ക് കീഴിലാണ് ചികിത്സയിൽ കഴിയുന്ന മകൻ വിഷ്ണുവും ഒപ്പം രണ്ട് മക്കളുമൊത്ത് സന്ധ്യ കഴിയുന്നത്.