തിരുവനന്തപുരം:സംസ്ഥാനത്ത് ഭരണത്തിലെത്തുന്ന മുന്നണി ഏതായാലും ജില്ലയിൽ ഭൂരിപക്ഷം നേടിയിരിക്കും എന്നതാണ് ചരിത്രം. സ്ഥിരമായി കോൺഗ്രസ് ജയിക്കുന്ന മണ്ഡലവും സി.പി.എമ്മും സി.പി.ഐയും ജയിക്കുന്ന മണ്ഡലവും തലസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി വിജയിച്ച മണ്ഡലവും തലസ്ഥാനത്താണ്. ജില്ലയിലെ 14 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാർത്ഥി സാദ്ധ്യതകളിലൂടെ...
നെടുമങ്ങാട്
രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന സി.പി.ഐ തീരുമാനത്തിൽ ഇളവ് നൽകിയാൽ മൂന്ന് തവണ എം.എൽ.എയായി തുടരുന്ന സി.ദിവാകരൻ വീണ്ടും മത്സരിക്കും. ജി.ആർ.അനിൽ,എം.ജി. രാഹുൽ തുടങ്ങിയവരുടെ പേരുകളുമുണ്ട്. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശങ്ങളുമുയരുന്നുണ്ട്. കോൺഗ്രസിൽ പാലോട് രവിക്ക് പുറമേ, പി.എസ്.പ്രശാന്ത്, ആനാട് ജയൻ, എം.എ. ലത്തീഫ് തുടങ്ങിയ പേരുകൾ പ്രചരിക്കുന്നു. ബി.ജെ.പിയിൽ വി.വി.രാജേഷ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളുയരുന്നു.
2016 സി.ദിവാകരൻ
(സി.പി.ഐ ) ഭൂരിപക്ഷം 3621
വർക്കല
കഴിഞ്ഞതവണ മണ്ഡലം പിടിച്ചെടുത്ത വി.ജോയി തന്നെയാകും ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കോൺഗ്രസിൽ വർക്കല കഹാർ,കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ആർ.അനിൽകുമാർ,ടി.ശരത്ചന്ദ്രപ്രസാദ് എന്നീ പേരുകൾ കേൾക്കുന്നുണ്ട്.
എൻ.ഡി.എ യിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി വീണ്ടും അജി.എസ് .ആർ.എം മത്സരിച്ചേക്കാം.
2016 - വി. ജോയി (സി.പി.എം ) - ഭൂരിപക്ഷം- 2386
ആറ്റിങ്ങൽ
ജില്ലയിൽ ഏറ്റവും ഉയർന്ന 40,383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ബി.സത്യൻ വിജയിച്ചത്.സത്യന് ഒരവസരം കൂടി നൽകാനിടയുണ്ട്.യു.ഡി.എഫിൽ ഘടക കക്ഷിയായ ആർ.എസ്.പിയാണ് ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത്. കെ.ചന്ദ്രബാബു ഒരിക്കൽ കൂടി മത്സരിക്കുമെന്ന് കേൾക്കുന്നുണ്ട്.എന്നാൽ ഇക്കുറി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പന്തളം സുധാകരനെ ഇറക്കുമെന്നും കേൾക്കുന്നു.
2016- ബി.സത്യൻ (സി.പി.എം) - ഭൂരിപക്ഷം 40,383
ചിറയിൻകീഴ്
സി.പി.ഐ തുടർച്ചയായി വിജയിക്കുന്ന ഈ സംവരണ മണ്ഡലത്തിൽ രണ്ടു തവണ തുടർച്ചയായി വിജയിച്ച സിറ്റിംഗ് എം.എൽ.എ വി.ശശിക്ക് രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകുമോയെന്നുറപ്പായിട്ടില്ല. മണ്ഡലത്തിൽ നിന്നുള്ള യുവ നേതാവ് മനോജ് ഇടമന, ജെ. ദേവകി എന്നിവരുടെ പേരുമുണ്ട്. കോൺഗ്രസിൽ കഴിഞ്ഞ തവണ മത്സരിച്ച കെ.എസ്.അജിത്കുമാർ,ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ എന്നിവരുടെ പേരും കേൾക്കുന്നു.
2016 - വി.ശശി ( സി.പി.ഐ ) - ഭൂരിപക്ഷം 14372
വാമനപുരം
തുടർച്ചയായി എൽ.ഡി.എഫ് വിജയിക്കുന്ന മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഡി.കെ.മുരളിയെ വീണ്ടും സി.പി.എം മത്സരിപ്പിച്ചേക്കും.
കോൺഗ്രസിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ,രമണി പി.നായർ എന്നീ പേരുകൾ പ്രചരിക്കുന്നു.
2016 - അഡ്വ.ഡി.കെ.മുരളി (സി.പി.എം) - ഭൂരിപക്ഷം 9596
കഴക്കൂട്ടം
ത്രികോണ മത്സരസാദ്ധ്യത ഏറെയുള്ള കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളിധരൻ ഇക്കുറി കേന്ദ്രമന്ത്രിയെന്ന പ്രഭയോടെ വീണ്ടും മത്സര രംഗത്തെത്തുമെന്ന് പ്രചാരണമുണ്ട്. അല്ലെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാകും മത്സരിക്കുക. കോൺഗ്രസിൽ എം.എ.വാഹിദ്,ടി.ശരത്ചന്ദ്രപ്രസാദ്,ഡോ.എസ്.എസ്.ലാൽ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്.
2016 - കടകംപള്ളി സുരേന്ദ്രൻ - (സി.പി.എം) - ഭൂരിപക്ഷം7347
തിരുവനന്തപുരം
കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ തിരുവനന്തപുരത്ത് ഇക്കുറി വി.എസ്. ശിവകുമാർ തന്നെയാകും വീണ്ടും മത്സരരംഗത്ത്. എൽ.ഡി.എഫിൽ ആന്റണി രാജുവിന്റെ പേര് പ്രചരിക്കുന്നുണ്ട്.സി.പി.എം ഏറ്റെടുത്ത് മുൻ എം.പി ഡോ.എ.സമ്പത്തിനെ ഇറക്കുമെന്നും അഭ്യൂഹമുണ്ട്. ബി.ജെ.പി സുരേഷ് ഗോപിയെ ഇറക്കുമെന്ന പ്രചാരണവും ശക്തം.
2016 - വി.എസ്.ശിവകുമാർ - (കോൺ) - ഭൂരിപക്ഷം11130
പാറശാല
സിറ്റിംഗ് എം.എൽ.എ സി.കെ.ഹരീന്ദ്രനെ സി.പി.എം വീണ്ടും മത്സരിപ്പിക്കാനാണ് സാദ്ധ്യത.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരും കേൾക്കുന്നുണ്ട്.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അൻസജിതാ റസൽ എന്നിവരുടെ പേരുകൾ കോൺഗ്രസിലുമുണ്ട്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ പേരാണ് സാദ്ധ്യതാ പട്ടികയിൽ.
2016 - സി.കെ.ഹരീന്ദ്രൻ - (സി.പി.എം) - ഭൂരിപക്ഷം18566
കാട്ടാക്കട
നിലവിലെ എം.എൽ.എ ഐ.ബി.സതീഷ് തന്നെയാകും സി.പി.എം.സ്ഥാനാർത്ഥി. യു.ഡി.എഫിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട എൻ.ശക്തനെ തന്നെ വീണ്ടുമിറക്കിയേക്കും. കഴിഞ്ഞ തവണ മത്സരിച്ച പി.കെ.കൃഷ്ണദാസ് വീണ്ടും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുമെന്നും ഏറക്കുറെ ഉറപ്പായി.
2016 അഡ്വ.ഐ.ബി.സതീഷ് - (സി.പി.എം) - ഭൂരിപക്ഷം 849
വട്ടിയൂർക്കാവ്
മേയർ പദവിയുടെ തിളക്കത്തോടെ എത്തി വിജയം നേടിയ സി.പി.എമ്മിലെ വി.കെ.പ്രശാന്ത് തന്നെയാകും ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിൽ ശബരീനാഥൻ എം.എൽ.എ മത്സരിക്കുമെന്ന് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം അരുവിക്കര മണ്ഡലം ഉപേക്ഷിച്ച് വരാനുളള സാദ്ധ്യത കുറവാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ വി.വി.രാജേഷ് എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്ന് കേൾക്കുന്നു.
2016 - കെ.മുരളീധരൻ (കോൺ) - ഭൂരിപക്ഷം7622
ഉപതിരഞ്ഞെടുപ്പ് (2019) -- വി.കെ.പ്രശാന്ത് (സി.പി.എം) - ഭൂരിപക്ഷം 14,465
നേമം
ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത് ഇക്കുറി സിറ്റിംഗ് എം.എൽ.എ ഒ .രാജഗോപാൽ മത്സരിക്കാനിടയില്ല. പകരം കുമ്മനം രാജശേഖരൻ മണ്ഡലം പിടിച്ചെടുക്കാനായി പോരിനിറങ്ങുമെന്നാണ് ശ്രുതി . വി. ശിവൻകുട്ടി തന്നെ സി.പി.എമ്മിനായി വീണ്ടും ഇറങ്ങാനാണിട. ടി.എൻ.സീമയുടെ പേരും കേൾക്കുന്നുണ്ട്. കോൺഗ്രസ് തന്നെ മത്സരിക്കുമെന്നാണ് വിവരം. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെയും കെ.പി.സി.സി ജനറൽസെക്രട്ടറി മണക്കാട് സുരേഷിന്റെയുമടക്കം പേരുണ്ട്.
2016 - ഒ.രാജഗോപാൽ - (ബി.ജെ.പി) - ഭൂരിപക്ഷം 8671
അരുവിക്കര
കെ.എസ്. ശബരീനാഥൻ തന്നെയാകും ഇക്കുറിയും ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എമ്മിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് മുൻതൂക്കം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേരും കേൾക്കുന്നു. ബി.ജെ.പിയിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ആലോചന.
2016 - കെ.എസ്.ശബരീനാഥൻ (കോൺ) - ഭൂരിപക്ഷം 21314
കോവളം
തീരദേശ മണ്ഡലമായ കോവളത്ത് സിറ്റിംഗ് എം.എൽ.എ എം.വിൻസന്റിനെ തന്നെ വീണ്ടും കോൺഗ്രസ് മത്സരിപ്പിക്കും. എൽ.ഡി.എഫിൽ ജനതാദൾ-എസിലെ ജമീല പ്രകാശം വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത.എൻ.ഡി.എയിൽ കഴിഞ്ഞ തവണ ബി.ഡി.ജെ.എസിലെ ടി.എൻ. സുരേഷ് മത്സരിച്ചു.ഇക്കുറിയും ബി.ഡി.ജെ.എസിന് നൽകിയേക്കും.
2016 - എം.വിൻസന്റ് (കോൺ ) - ഭൂരിപക്ഷം -2615
നെയ്യാറ്റിൻകര
നിലവിലെ എം.എൽ.എ കെ.ആൻസലൻ തന്നെയാകും വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി.കഴിഞ്ഞ തവണ മത്സരിച്ച ആർ.സെൽവരാജിന്റെ പേരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി കേൾക്കുന്നത്.സോളമൻ അലക്സിന്റെ പേരും കേൾക്കുന്നുണ്ട്.
2016 - കെ .ആൻസലൻ - (സി.പി.എം) - ഭൂരിപക്ഷം - 9543