കൊച്ചി: കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മത്സ്യമേഖലയിൽ ഉണ്ടായ തകർച്ചയ്ക്ക് ആശ്വാസമായി മത്സ്യവരൾച്ച പാക്കേജ് അനുവദിക്കണമെന്ന് മേഖലയിലെ മുഴുവൻ സംഘടനകളും ആവശ്യപ്പെട്ടിട്ടും ബജറ്റിൽ അതിനുള്ള നീക്കിവെപ്പില്ലാത്തത് നിരാശജനകമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. വിപണിയിൽ ഇടപെടുക എന്ന ലക്ഷ്യം വച്ച് ഇടത്തട്ടുകാരെ നിയന്ത്രിക്കുന്ന മത്സ്യവിപണന നിയന്ത്രണം ഈ വർഷം സർക്കാർ അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ലാൻഡിംഗ് സെന്ററുകളിലും ഹാർബറുകളിലും ആധുനിക അടിസ്ഥാന സൗകര്യമൊരുക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ ഇതിനായി ബഡ്ജറ്റിൽ വിഹിതം നീക്കിവെയ്ക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.