തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് നടപടി തുടർന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. തുടർന്ന് മാർച്ചിന് നേതൃത്വം നൽകിയ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫിപറമ്പിൽ എം.എൽ.എ ഉപാദ്ധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എം.എൽ.എ, റോജിജോൺ എം.എൽ.എ എന്നിവരെയടക്കം അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം ജില്ലാകമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഉച്ചയ്‌ക്ക് ഒന്നിന് തുടങ്ങിയ പ്രതിഷേധം ഉദ്ഘാടനത്തിന് പിന്നാലെ സമരം സംഘർഷത്തിലേക്ക് തിരിഞ്ഞു. പ്രവർത്തകരുമായി ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ലാത്തി വീശിയില്ല.
ബാരിക്കേഡ് തള്ളിമറിക്കാനുള്ള ശ്രമത്തിനിടെ ജലപീരങ്കിയേറ്റ പ്രവർത്തകൻ കിരൺ ഡേവിഡ് ബോധരഹിതനായി. ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്‌തവരെ കൊണ്ടുപോകാനെത്തിയ പൊലീസ് വാഹനത്തിന് മുന്നിലും മുകളിലും കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. രണ്ടരടെയാണ് പ്രതിഷേധം അവസാനിച്ചത്.
ജോലി ചെറുപ്പക്കാരുടെ അവകാശം: ഷാഫി പറമ്പിൽ
കഷ്ടപ്പെട്ട് പഠിച്ച പതിനായിരക്കണക്കിന് യുവജനങ്ങളെ പിണറായി സർക്കാർ പകൽ വെളിച്ചത്തിൽ ക്രൂരമായി വഞ്ചിച്ചെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. നിലവിൽ സർക്കാർ ജോലിക്കുള്ള മാനദണ്ഡം മന്ത്രിമാരുടെ ചിറ്റപ്പനും കൊച്ചാപ്പയും ആവണമെന്നുള്ളതും ചെങ്കൊടി പിടിക്കുന്നവരും ആയിരിക്കണമെന്നതാണ്. എ.കെ.ജി സെന്ററിലെ ജോലിയല്ല ചെറുപ്പക്കാർ ചോദിക്കുന്നത്, സർക്കാർ ജോലിയാണ്. അത് പിണറായി വിജയൻ തമ്പ്രാന്റെ ഔദാര്യമല്ല. ചെറുപ്പക്കാരുടെ അവകാശമാണ്. അത് വരുന്ന തിരഞ്ഞെടുപ്പിൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരീനാഥൻ, വി.ടി. ബൽറാം, അൻവർസാദത്ത്, എൻ.എസ്. നുസൂർ, എസ്.എം. ബാലു, പ്രേംരാജ്, സുധീർഷ, ജെ.എസ്. അഖിൽ, നിനോ അലക്സ്, അരുൺരാജൻ, നേമംഷജീർ, വിനോദ് കോട്ടുകാൽ, വീണ എസ്. നായർ, ചിത്രദാസ്, റിജിറഷീദ്, മഹേഷ്ചന്ദ്രൻ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.