airport

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലെന്ന ആക്ഷേപം മറികടക്കാൻ പ്രശസ്തമായ ജർമ്മൻ കമ്പനിക്ക് ഉപകരാ‌ർ നൽകി തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തരമാക്കാനാണ് അദാനിയുടെ നീക്കം.

ജർമ്മനിയിലെ മ്യൂണിക്കിൽ 240 നഗരങ്ങളിലേക്ക് സർവീസുള്ള രണ്ടാം ടെർമിനലിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26% ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയെയാണ് പരിഗണിക്കുന്നത്. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ ഈ കമ്പനിയെ ഏൽപ്പിച്ചേക്കും.

ഈ കമ്പനി വന്നാൽ യൂറോപ്പിലേക്ക് സർവീസ് തുടങ്ങാൻ എളുപ്പമാകും. അദാനിയുടെ നിയന്ത്രണത്തിലുള്ള മംഗളുരു, ലക്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്‌പൂർ വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങും.

കരാറനുസരിച്ച്, ഓരോ യാത്രക്കാരനും 168 രൂപ അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകണം. വർഷം 75 കോടി പാട്ടത്തുകയാവും. വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. ലോകോത്തര സൗകര്യങ്ങളൊരുക്കി സർവീസുകളും യാത്രക്കാരുടെ എണ്ണവും കൂട്ടും. കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ വരുന്നതോടെ, ടിക്കറ്ര് നിരക്ക് കുറയും.

സേവനകേന്ദ്രങ്ങളും ഡ്യൂട്ടിഫ്രീഷോപ്പുകളും തുറക്കും. ഡ്യൂട്ടിഫ്രീക്ക് കരാർ നൽകിയാൽ 50% ലാഭം കിട്ടും. ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം .ട്രോളിയിൽ വരെ പരസ്യം പതിക്കാം. ഗ്രൗണ്ട്‌ ഹാൻഡ്‌ലിംഗ് റോയൽറ്റിയും കിട്ടും. ഇതെല്ലാം വികസനത്തിന് മുതൽമുടക്കാം. നെടുമ്പാശേരിയിലെ വാണിജ്യ വരുമാനം 700കോടിയാണ്.

യൂസർ ഫീസ്

ആഭ്യന്തര യാത്രക്കാർക്ക് 450 രൂപയും രാജ്യാന്തര യാത്രക്കാർക്ക് 1214 രൂപയും. വർഷം 4% വർദ്ധന. യൂസർഫീസ് കൂടുതലായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്.

മെച്ചം

@എയർ കണക്ടിവിറ്റി കൂടുമ്പോൾ നിക്ഷേപങ്ങൾ കൂടും, കൂടുതൽ തൊഴിലവസരങ്ങളുണ്ടാവും.

@വ്യോമഗതാഗതം 10% കൂടുമ്പോൾ ജി.ഡി.പി അര ശതമാനം കൂടും.

@ തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബാക്കാനുള്ള സർക്കാരിന്റെ ശ്രമം ഫലവത്താകാനും വ്യോമകണക്ടിവിറ്റി വർദ്ധിക്കണം.

@ വിഴിഞ്ഞം തുറമുഖവും വിമാനത്താവളം കൂടിയാകുമ്പോൾ ലോജിസ്റ്റിക് മേഖലയിൽ കുതിപ്പുണ്ടാവും.

ജീവനക്കാർക്ക്

മൂന്ന് ഓപ്ഷൻ

1) ഡി. ജി. എം റാങ്കിന് താഴെയുള്ള ജീവനക്കാർക്ക് മൂന്നുവർഷം വിമാനത്താവളത്തിൽ തുടരാം.

2) ഈ കാലത്ത് ശമ്പളം അദാനി നൽകണം. പിന്നീട് ജീവനക്കാർക്ക് അദാനി ഗ്രൂപ്പിൽ ചേരാം.

3) അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിപ്പോകണം. ആകെ 1200 ജീവനക്കാരാണുള്ളത്.