plastic

തിരുവനന്തപുരം: റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിലൂടെ നിർമ്മിച്ച കവറുകളിലും കണ്ടെയ്‌നറുകളിലും പാത്രങ്ങളിലും ഭക്ഷണങ്ങളും പാനീയങ്ങളും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും തടയാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് നിരോധന നിയമം കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഹോട്ടലുകൾ ഉൾപ്പെടെ ബദൽമാർഗം തേടേണ്ടിവരും.

പ്ലാസ്റ്റിക് മാലിന്യം തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലിക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം കർശനമാകും. പ്ലാസ്റ്റിക് പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയോ കത്തിക്കുകയോ ചെയ്താൽ പിഴ ഈടാക്കുന്നതും ഉപനിയമാവലിയുടെ കരടിൽ ശുപാർശ ചെയ്യുന്നുണ്ട്. ശുചിത്വകേരളമിഷനാണ് ഉപനിയമാവലിയുടെ കരട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.

നിർദ്ദേശങ്ങൾ പലത്, പിഴയും

 നിയമ ലംഘകർക്ക് അര ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നത് പരിഗണനയിൽ

 പിഴത്തുക- ആദ്യ തവണ 10,000 രൂപ, രണ്ടാം തവണ 25,000, മൂന്നാം തവണ 50,000

 പുനരുപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക്, ലോഹം പൂശിയ മാലിന്യങ്ങൾ, സാഷെകൾ, പൗച്ചുകൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നവർ, ബ്രാൻഡ് ഉടമകൾ, ഉത്പാദകർ എന്നിവർ ഉപയോഗം കഴിഞ്ഞവ തിരിച്ചെടുക്കാൻ നേരിട്ടോ ഏജൻസി വഴിയോ സംവിധാനം ഒരുക്കണം. അല്ലെങ്കിൽ വില്പന പാടില്ല.

 ഉത്പന്നങ്ങൾ തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ഉത്പാദകർക്കും ഇറക്കുമതിക്കാർക്കും ബ്രാൻഡ് ഉടമകൾക്കും.

 ഹരിത കർമ്മസേനയുൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ നിയോഗിച്ച ഏജൻസികളും സ്ഥാപനങ്ങളും ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതുമായ പ്ലാസ്റ്റിക്കിന്റെ റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ തദ്ദേശ സ്ഥാപന സെക്രട്ടറിക്കു നൽകണം.