തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളവും ലഭിച്ചതോടെ തലസ്ഥാനത്തെ ആകാശവും കടലും അദാനിയുടെ നിയന്ത്രണത്തിലാകുന്നു. ലോകമെങ്ങും തുറമുഖ നടത്തിപ്പുള്ള അദാനിക്ക്, വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിൽ കണ്ണുണ്ട്. അങ്ങനെയായാൽ വമ്പൻ സാമ്പത്തിക മേഖലയായി തിരുവനന്തപുരം വളരും. ചരക്കുനീക്കം സുഗമമാകുന്നതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം മാറുമെന്നും അദാനിഗ്രൂപ്പ് പറയുന്നു. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും പദ്ധതിയുണ്ടാക്കും. കപ്പൽ - വിമാന ഹബ്ബാക്കി മാറ്റുമെന്നാണ് ഇവർ പറയുന്നത്. പദ്ധതികൾ വഴി തിരുവനന്തപുരത്തെ വൻ ശക്തിയായി അദാനിയും മാറും. നടത്തിപ്പിനെച്ചൊല്ലിയുള്ള തർക്കമുണ്ടായിരുന്നതിനാൽ രണ്ടുവർഷത്തിലേറെയായി വിമാനത്താവള വികസനം മുരടിപ്പിലായിരുന്നു. അന്താരാഷ്ട്ര സർവീസുകൾ കുറഞ്ഞ്, വികസനം സ്‌തംഭിച്ച അവസ്ഥയിലായിരുന്നു വിമാനത്താവളം. ജെറ്റ്, സൗദിയ, ഫ്ലൈ ദുബായ്, സിൽക്ക് എയർലൈനുകൾ ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ അവസാനിപ്പിച്ചു. ഗോ - എയർ, എയർ ഏഷ്യ എന്നിവ ചെലവുകുറഞ്ഞ ആഭ്യന്തര സർവീസുകൾക്കും ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ആസ്ട്രേലിയൻ കണക്‌ഷനോടെ തിരുവനന്തപുരം - സിംഗപ്പൂർ സർവീസിനും ശ്രമിച്ചെങ്കിലും നടപടിയായില്ല. നിലവിലെ 33,300 ചതുരശ്ര അടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്ര അടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ നിർമ്മാണമടക്കം 600 കോടിയുടെ പദ്ധതികൾ നേരത്തേ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വകാര്യവത്കരണത്തോടെ മുടങ്ങിപ്പോയി. 1600 കോടിയുടെ പദ്ധതിയിലൂടെ വിമാനത്താവളത്തെ ലോക നിലവാരത്തിലാക്കുമെന്നാണ് അദാനിയുടെ ഉറപ്പ്. ഇവരുടെ നടത്തിപ്പുള്ള 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും. ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടംപിടിച്ചേക്കാം. ഉയർന്ന യൂസർഫീസ് കാരണം ടിക്കറ്റ് നിരക്ക് കൂടുതലുള്ള ഇവിടെ കൂടുതൽ സർവീസുകൾ തുടങ്ങിയും യാത്രക്കാരുടെ എണ്ണം കൂട്ടിയും മികച്ച സേവനമൊരുക്കിയും മാത്രമേ അദാനിക്ക് വിജയിക്കാനാകൂ. 1214 രൂപയാണ് നിലവിലെ യൂസർഫീസ്. സൗകര്യങ്ങൾ കൂട്ടി, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയെ ബോദ്ധ്യപ്പെടുത്തിയാലേ ഈ വർഷം യൂസർഫീ കൂട്ടാൻ കഴിയൂ. ഇനിയും നിരക്കുയർത്തുന്നത് യാത്രക്കാരെ അകറ്റും. സ്വകാര്യവത്കരിക്കപ്പെട്ട മറ്റ് വിമാനത്താവളങ്ങളിലെപ്പോലെ റിയൽ എസ്റ്റേറ്ര് സംരംഭങ്ങളിലൂടെ പണമുണ്ടാക്കാനും പരിമിതിയുണ്ട്. 628.70 ഏക്കർ ഭൂമി കിട്ടുമെങ്കിലും ടെർമിനൽ വികസനത്തിനുപോലും തികയില്ല. 13 ഏക്കർ ഏറ്റെടുത്താലേ റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ സാധിക്കൂ. ടെർമിനൽ വികസനത്തിനും 18 ഏക്കർ ഏറ്റെടുക്കണം. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളൂരുവിൽ 5200 ഏക്കർ ഭൂമിയുണ്ട്. വാണിജ്യ -പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാകൂ.
പണമുണ്ടാക്കാൻ വഴികൾ പലത്
-------------------------------------
1) നിലവിലെ ചെറിയ ഡ്യൂട്ടിഫ്രീഷോപ്പ് വിസ്‌തൃതമാക്കാം.നെടുമ്പാശേരിയിൽ അരലക്ഷം
ചതുരശ്രഅടി ഡ്യൂട്ടിഫ്രീ ഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നുണ്ട്.
2) കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം കൂട്ടാം.
3) ടെർമിനലിൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറന്നും പണമുണ്ടാക്കാം. ട്രോളിയിൽ വരെ പരസ്യം പതിക്കാം. വാണിജ്യ - പരസ്യ മാർഗത്തിലൂടെ 700 കോടിയാണ് സിയാൽ നേടുന്നത്.
4) വിദേശ പങ്കാളിത്തമുണ്ടാക്കി ലോകോത്തര സൗകര്യങ്ങളോടെ അടിസ്ഥാന സൗകര്യ
വികസനം നടത്താം. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇനത്തിലും റോയൽറ്റി കിട്ടും.
ഇതാണ് കരാർ
-------------------------------
1) വിമാനത്താവള നടത്തിപ്പിന്റെ അവകാശവും ഉത്തരവാദിത്വവും 50 വർഷത്തേക്ക്
2) സുരക്ഷ, കസ്റ്റംസ് തുടങ്ങിയവയിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും
3) വികസനത്തിന് അദാനി പണം മുടക്കണം. സംസ്ഥാനം ഭൂമിയേറ്റെടുത്ത് നൽകണം
168
രൂപയാണ് അദാനിഗ്രൂപ്പ് ഓരോ
യാത്രക്കാരനും ക്വാട്ട് ചെയ്‌തത്
135
രൂപയായിരുന്നു സംസ്ഥാന
സർക്കാരിന്റെ ക്വട്ടേഷൻ