kvvd

തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിന് അന്ത്യാഞ്ജലിയർപ്പിച്ച് നിയമസഭാസമ്മേളനം ഇന്നലത്തേക്ക് പിരിഞ്ഞു.

രാവിലെ ഒമ്പതിന് ആരംഭിച്ച സഭാ സമ്മേളനം സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മറ്റ് കക്ഷി നേതാക്കളുടെയും അനുശോചന പ്രസംഗങ്ങൾക്ക് ശേഷം അര മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചു

വിജയദാസിന്റെ നിര്യാണത്തോടെ മികച്ച സഹകാരിയെയും ലാളിത്യം മുഖമുദ്ര‌യാക്കിയ ജനനേതാവിനെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയെയുമാണ് നഷ്ടമായതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങളിൽ പൊതുവേയും ക്ഷീരകർഷകരുടെ പ്രശ്‌നങ്ങളിൽ പ്രത്യേകിച്ചും ആഴമേറിയ ജ്ഞാനമുണ്ടായിരുന്ന വിജയദാസ് തേനാരി ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
എല്ലാ ഘട്ടത്തിലും ജനങ്ങളോടൊപ്പം ചേർന്നും മുൻപന്തിയിലും നിന്ന് പ്രവർത്തിച്ച ജനനേതാവിനെയാണ് വിജയദാസിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പാടത്തിറങ്ങി കൃഷി ചെയ്യുന്ന കർഷകരുടെ സങ്കടങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് നിയമസഭയിലും സമരവേദികളിലും ഉറച്ച ബോദ്ധ്യത്തോടെ സംസാരിച്ച നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് എലപ്പുള്ളി ഗ്രാമത്തിന്റെ കണ്ണിലുണ്ണിയാവാൻ വിജയദാസിനായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . കക്ഷി നേതാക്കളായ ഇ. ചന്ദ്രശേഖരൻ, ഡോ.എം.കെ. മുനീർ, സി.കെ. നാണു, മോൻസ് ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രൻ, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ഒ. രാജഗോപാൽ, കെ.ബി. ഗണേശ് കുമാർ, പി.സി. ജോർജ്ജ് എന്നിവരും സംസാരിച്ചു.