walayar

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ. സി.ബി.ഐയ്ക്കു വിടുമെന്ന് സർക്കാർതന്നെ വ്യക്തമാക്കിയിരുന്ന കേസിലാണ് വിചിത്ര നടപടി.

പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി, പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആ നടപടിക്രമം പാലിക്കാതെയാണ് റെയിൽവേ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമുണ്ടാക്കിയത്.

ക്രിമിനൽ നടപടിച്ചട്ടം 173 (8) പ്രകാരം തുടരന്വേഷണ ഉത്തരവ് കിട്ടിയശേഷം, അന്വേഷണ ഉദ്യോഗസ്ഥന്റെ സുപ്പീരിയർ ഓഫീസറുടെ നേതൃത്വത്തിൽ സംഘമുണ്ടാക്കുകയാണ് നടപടിക്രമം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സോജനായിരുന്നു അന്വേഷണചുമതല.അതിനാൽ, ക്രൈംബ്രാഞ്ചിലെ എസ്.പിക്കോ, ഐ.ജിക്കോ പുതിയ സംഘത്തിന്റെ തലവനാകാം. റെയിൽവേയിൽ ഡെപ്യൂട്ടേഷനിലുള്ള നിശാന്തിനിയെ ചുമതലപ്പെടുത്താനാവില്ല. തെറ്റായ നടപടിക്രമമാണിതെന്ന് ഹൈക്കോടതി റിട്ട.ജ‌ഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ പറഞ്ഞു.

അതേസമയം, വിചാരണയിലിരിക്കുന്ന കേസാണെങ്കിൽ ഏതുസമയത്തും പൊലീസിന് തുടരന്വേഷണം നടത്താം. അതിന് കോടതിയുടെ അനുമതി വേണ്ട. കൂടുതൽ തെളിവുകളോ വിവരങ്ങളോ കിട്ടിയെന്ന് മേലുദ്യോഗസ്ഥൻ കോടതിയെ അറിയിച്ചാൽ മതി. വിചാരണ നിറുത്തിവയ്ക്കും. വാളയാർകേസിൽ ഇത് ബാധകമല്ലെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ പറഞ്ഞു.

സർക്കാരിന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ട് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിടേണ്ടത്. വിചാരണയാണ് ഹൈക്കോടതി റദ്ദാക്കിയത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നിലനിൽക്കുന്നുണ്ട്. തുടരന്വേഷണം വിചാരണക്കോടതി അംഗീകരിച്ച ശേഷം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.

തുടരന്വേഷണ സംഘം

 റെയിൽവേ എസ്.പി ആർ.നിശാന്തിനി

 പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. എ.എസ്. രാജു

 കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ എം.ഹേമലത.

കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ അനുമതി

സർക്കാർ നിലപാട് ഇങ്ങനെ

പ്രത്യേകസംഘം ആദ്യം തുടരന്വേഷണം നടത്തും. പിന്നീട് സി.ബി.ഐയുടെ സഹായം തേടാം. സി.ബി.ഐയ്ക്ക് വിടാൻ നടപടിക്രമങ്ങൾ ബാക്കിയാണ്. പുനരന്വേഷണത്തിന് കോടതിയിൽ നിന്ന് അനുമതി നേടുക പുതിയസംഘത്തിന്റെ ചുമതലയാണ്.

'കോടതിയുടെ വിവേചനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. റെയിൽവേ എസ്.പി അന്വേഷണ ഉദ്യോഗസ്ഥന്റെ സുപ്പീരിയർ ഓഫീസറല്ലാത്തതിനാൽ ഡി.ജി.പിയുടെ നടപടി ചട്ടപ്രകാരമല്ല. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട ശേഷം സി.ബി.ഐക്ക് കൈമാറാൻ അപേക്ഷ നൽകണം".

-ജസ്റ്റിസ് ബി.കെമാൽപാഷ