ssss

തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികളുടെ ആകുലതകളും ആശങ്കകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടത്തിവിട്ട 'ആവൃതി' കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2020ലെ മികച്ച ചിത്രമായി. ഒരു ലക്ഷം രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച സംവിധാനം (ശ്രീഹരിധർമ്മൻ), ഛായാഗ്രഹണം (അരുൺ ശേഖർ), മികച്ച നടി (ദിവ്യപ്രഭ) എന്നീ പുരസ്കാരങ്ങളും 'ആവൃതി' നേടി. സംവിധായകൻ ശ്യാമപ്രസാദ് ചെയർമാനും സംവിധായകൻ ബേസിൽ ജോസഫ്, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്, തിരക്കഥാകൃത്തും സംവിധായകനുമായ സേതു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

രാജേഷ് മാധവൻ സംവിധാനം ചെയ്ത 'മുസ്താഖ് അലി'യാണ് മികച്ച രണ്ടാമത്തെ ചിത്രം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷിജു പവിത്രനാണ് മികച്ച നടൻ. കത്തി കച്ചവടക്കാരനിലൂടെ മനുഷ്യന്റെ ഭയത്തെക്കുറിച്ചാണ് ചിത്രം വിവരിക്കുന്നത്. ജസ്‌വിൻ ജോസഫ് സംവിധാനം ചെയ്ത 'ചൂണ്ടാൾ' പ്രത്യേക പരാമർശം നേടി. 'പെർസ്യൂട്ട്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഭരത് ആർ. ശേഖറിനും പ്രത്യേക പരമാർശമുണ്ട്. ഒറ്റ ഷോട്ടിൽ ചിത്രം പകർത്തിയ മികവിനാണ് പരാമർശം. യു ട്യൂബിൽ 285,783 പേർ കണ്ട ഗിരീഷ് കെ. നായർ സംവിധാനം ചെയ്ത 'മഞ്ഞ്' പ്രേക്ഷക പ്രീതി നേടിയ ചിത്രമായി.

പ്രമേയവും സാങ്കേതിക മികവാർന്ന അവതരണ ശൈലിയും കൊണ്ട് ഷോർട്ട് ഫിലിമുകൾ മികച്ച നിലവാരം പുലർത്തിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത 80 ഷോർ‌ട്ട് ഫിലിമുകളാണ് യു ട്യൂബിലൂടെയും ചാനലിലൂടെയും സംപ്രേഷണം ചെയ്തത്.