മാലിന്യം ശേഖരിക്കുന്ന ഏജൻസിക്ക് പണം നൽകുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: മാലിന്യസംസ്കരണത്തിൽ രാജ്യത്തിന് മാതൃകയെന്ന് കൊട്ടിഘോഷിച്ച കോർപ്പറേഷന്റെ വികേന്ദ്രീകരണ മാലിന്യ സംസ്കരണം നിലച്ചമട്ടിൽ.പൊതുജനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ചിരുന്ന ചെറിയ 61 മെറ്റീരിയൽ റിക്കവറി റിലീഫ് (എം.ആർ.എഫ്) യൂണിറ്റുകളും മൂന്ന് വലിയ റിസോഴ്സ് റിക്കവറി സെന്ററുകളും (ആർ.ആർ.സി), മൂന്ന് ഡ്രൈവേസ്റ്റ് സഗ്രിഗേറ്റഡ് യൂണിറ്റുകളിലും മാലിന്യങ്ങൾ നിറഞ്ഞു. എന്നാൽ, ഏജൻസികൾ ശേഖരിക്കുന്നത് നിറുത്തിവച്ചതോടെ സെന്ററുകൾ നിറഞ്ഞ സ്ഥിതിയാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാലിന്യം ശേഖരിക്കുന്ന തമിഴ്നാട്ടിലെ കമ്പനിക്ക് ബില്ല് മാറി തുക നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പൊതുജനങ്ങൾ മാലിന്യവുമായി എത്തിയാലും പലയിടങ്ങളിലും ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അജൈവമാലിന്യ സംസ്കരണം കീറാമുട്ടിയായിരുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഏറെ സഹായകരമായിരുന്നു ഇത്തരം കളക്ഷൻസെന്ററുകൾ. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്,ചെരുപ്പ്, ബാഗ് ,കുപ്പിമാലിന്യങ്ങൾ, ഇ-വേസ്റ്റുകൾ തുടങ്ങിയ മാലിന്യങ്ങളാണ് ശേഖരിച്ചിരുന്നത്.ചെറിയ മെറ്റീരിയൽ റിക്കവറി റിലീഫ് യൂണിറ്റുകളിൽ നിന്നും വലിയ റിസോഴ്സ് റിക്കവറി സെന്ററുകളിൽ എത്തിക്കുന്ന മാലിന്യങ്ങൾ നിറയുന്ന മുറയ്ക്ക് തമിഴ്നാട്ടിലെ ഏജൻസി ശേഖരിച്ചിരുന്നതാണ് പതിവ്. വില കിട്ടാത്ത ഇത്തരം സാധനങ്ങൾ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറികളിലെ ഫർണസുകളിലേക്കടക്കമാണ് കൊണ്ടുപോകുന്നത്.പണം നൽകാതായതോടെയാണ് മാലിന്യനീക്കവും നിലച്ചത്.
സമയംതെറ്റി, തോന്നുംപടി
കളക്ഷൻ സെന്ററുകൾ രാവിലെ അഞ്ചു മുതൽ രാത്രി എട്ടുവരെയും.ശാസ്തമംഗലം,പാളയം,വി.ജെ.ടി ഹാളിന് മുൻവശം എന്നിവിടങ്ങളിലുള്ള ഡ്രൈവേസ്റ്റ് സഗ്രിഗേറ്റഡ് കളക്ഷൻ ഹബ്ബുകൾ 24മണിക്കൂറുമാണ് പ്രവർത്തിച്ചിരുന്നത്.മാലിന്യനീക്കം നിലച്ചതോടെ പ്രവർത്തനസമയവും താളം തെറ്റി. രാവിലെയും വൈകിട്ടും പൊതുജനങ്ങൾ മാലിന്യവുമായി എത്തുന്ന സമയമാണ്.എന്നാൽ യൂണിറ്റുകൾ നിറഞ്ഞതിനാൽ പറ്റില്ലെന്ന് പറഞ്ഞ് മടുത്തതോടെ ഈസമയങ്ങളിൽ ജീവനക്കാർ സെന്ററുകളിൽ എത്താറില്ല. പകൽ സമയം കുറച്ചുനേരം വന്ന് മടങ്ങും.കോർപ്പറേഷൻ നടപ്പാക്കിയ മാലിന്യശേഖരണ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ 350താത്കാലിക ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.