തിരുവനന്തപുരം: കിഫ്ബിയിലെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ട് ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ ഒരുകാര്യവും സി.എ.ജി റിപ്പോർട്ടിൽ ഉൾപ്പെടുത്താനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സി.എ.ജി റിപ്പോർട്ട് നിയമസഭയോടുള്ള വെല്ലുവിളിയാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ,ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സി.എ.ജി റിപ്പോർട്ടിനു പിന്നിൽ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ്. സംസ്ഥാന സർക്കാരിനെതിരെ ദുരുദ്ദേശ്യത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ്. സ്ഥലംമാറിപ്പോയ മുൻ എ.ജിയുടെ നടപടിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കാര്യം ചർച്ചാ വിഷയമാക്കും. കിഫ്ബി വികസനം തുടരണോയെന്ന് ജനം തീരുമാനിക്കട്ടെ. ഇക്കാര്യത്തിൽ യു.ഡി.എഫ് അഭിപ്രായം പറയണം. ഫെമ നിയമ പ്രകാരം വിദേശ വായ്പാനുമതി നൽകേണ്ടത് റിസർവ് ബാങ്കാണ്. ആർ.ബി ഐ യിൽ നിന്ന് എൻ.ഒ.സി കിട്ടിയിട്ടുണ്ട് . സുപ്രീംകോടതി പോലും എതിർവാദം കേട്ടാണ് വിധി പറയുന്നത്.
വിദേശ വായ്പ സംസ്ഥാനങ്ങൾ വാങ്ങുന്നത് മാത്രമേ ഭരണഘടനാ വിരുദ്ധമാകൂ.കിഫ്ബി കോർപറേറ്റാണ്. വായ്പ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിന് ബാദ്ധ്യതയുണ്ട്. എന്നുവച്ച് കിഫ്ബിയുടെ വായ്പ സർക്കാർ വായ്പയാവില്ല. കൊച്ചി മെട്രോയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും നഗര റോഡ് വികസന പദ്ധിതകളും വായ്പ എടുക്കുന്നുണ്ട്. അതിലും ബാദ്ധ്യത സംസ്ഥാനത്തിനുണ്ട്. എന്നാൽ അതൊന്നും ബഡ്ജറ്രിൽ ഉൾപ്പെടുത്താറില്ല.
സി.എ.ജി റിപ്പോർട്ട് ചോർന്നത് നിയമസഭ ചർച്ച ചെയ്യുന്നതിൽ വേവലാതിയില്ലെന്നു മന്ത്രി പറഞ്ഞു. സഭ ചർച്ച ചെയ്യണമെന്നു താൻ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. ധനമന്ത്രിക്ക് അനുകൂലമായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് തയാറായോയെന്ന ചോദ്യത്തിന് ,റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി.