തിരുവനന്തപുരം: വിമർശനങ്ങൾ ശക്തമായതോടെ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കിത്തുടങ്ങി. ഭൂരിഭാഗം മന്ത്രിമാരും ഇന്നലെ നിയമസഭയിലെത്തിയത് വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കിയാണ്. എന്നാൽ ചില മന്ത്രിമാർ ഇപ്പോഴും വാഹനത്തിലെ കർട്ടൻ ഒഴിവാക്കിയിട്ടില്ല. ഇത് വിവാദമായതിന് പിന്നാലെയാണ് ജനപ്രതിനിധികളുടെ തിരുത്തൽ. സാധാരണക്കാരിൽ നിന്ന് പിഴയീടാക്കുകയും ജനപ്രതിനിധികളെ ഒഴിവാക്കുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിമാർക്ക് വാഹനം അനുവദിക്കുന്നത് ടൂറിസം വകുപ്പാണെന്നും കർട്ടണും ഫിലിമും മാറ്റണമെന്ന് അവർക്ക് നിർദേശം നൽകിയെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. തുടർന്ന് ടൂറിസം വകുപ്പ് മന്ത്രിമാരുടെ വാഹനങ്ങളുടെ കർട്ടൻ നീക്കാൻ നടപടി സ്വീകരിച്ചുതുടങ്ങി. നിലവിൽ ഇസഡ് പ്ലസ് സുരക്ഷയുള്ളവരെയാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വാഹനം തടഞ്ഞ് നിറുത്താതെ ഫോട്ടോയെടുത്ത് പിഴ ചുമത്തുന്നതാണ് നിലവിലെ രീതി. സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്കാണ് ഓപ്പറേഷൻ സ്ക്രീൻ നടപ്പിലാക്കുക. ഇനി മുതൽ ചട്ടലംഘനം ആവർത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളുണ്ടാകും.
കൂടുതൽ വാഹനങ്ങൾക്ക് പിഴയിട്ടത് തലസ്ഥാനത്ത്
ഇന്നലെ തലസ്ഥാനത്താണ് കൂടുതൽ വാഹനങ്ങൾക്ക് പിഴ ചുമത്തിയത്. നിയമലംഘനം നടത്തിയ 433 വാഹനങ്ങൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ഇതിൽ 4 സർക്കാർ വാഹനങ്ങളും ഉൾപ്പെടും. തലസ്ഥാനത്താകെ 1200ഓളം വാഹനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന ഗ്രാമപ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രാത്രി വരെ പരിശോധന തുടരും.