തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകാനുള്ള സാദ്ധ്യത തള്ളാതെ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി അദ്ധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ എക്കാലത്തും ശിരസ്സാ വഹിച്ച അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്ന് മുല്ലപ്പള്ളി മറുപടി നൽകി. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഇന്നുവരെ അച്ചടക്കലംഘനം താൻ നടത്തിയിട്ടില്ല. പാർട്ടി പറയുന്ന ഏത് നിർദ്ദേശവും ശിരസ്സാവഹിച്ച് മുന്നോട്ട് പോകുന്ന ചരിത്രമാണ് തനിക്കുള്ളത്. പാർട്ടി ഏല്പിക്കുന്ന ചുമതല ചെറുതായാലും വലുതായാലും കൃത്യമായി ഏറ്റെടുത്ത് മുന്നോട്ട് പോയിട്ടുണ്ട്. കല്പറ്റയിൽ നിന്ന് മത്സരിക്കുമോയെന്ന ചോദ്യത്തിന്, അത്തരം റിപ്പോർട്ടുകളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കെ.പി.സി.സി അദ്ധ്യക്ഷപദത്തിന് പാർട്ടിക്കുള്ളിൽ നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോയെന്ന ചോദ്യത്തിന്, ഒരു പ്രസക്തിയുമില്ലാത്ത ചോദ്യമാണതെന്നായിരുന്നു മറുപടി.
പ്രതിപക്ഷനേതാവെന്ന നിലയിൽ മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല കാഴ്ച വച്ചത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ സർക്കാരിന്റെ പ്രധാന അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്ന ചെന്നിത്തല കഴിവും കാര്യശേഷിയുമുള്ള നേതാവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.