പാറശാല: നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പിനെതിരെ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സംഘടനകളോട് സഹകരിക്കുന്നതല്ലെന്നും വേണ്ടിവന്നാൽ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിക്കുമെന്നും നിക്ഷേപകരുടെ സംഘടയായ നിർമ്മൽ സമരസമിതി യോഗം തീരുമാനിച്ചു. എസ്.എൻ.നായർ അദ്ധ്യക്ഷത വഹിച്ചു.
പളുകൽ സി.എസ്.ഐ പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ മുന്നൂറോളം നിക്ഷേപകർ പങ്കെടുത്തു. നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന ചിട്ടിക്കമ്പനി ഉടമ നിർമ്മലന്റെയും കൂട്ടു പ്രതികളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്തി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യുക, നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുക എന്നിവയ്ക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. 13000-ൽ പരം നിക്ഷേപകരിൽ നിന്നായി 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മൂന്നര വർഷം പിന്നിടുമ്പോഴും നീതി നടപ്പിലാക്കാത്തതിനെതിരെ നിക്ഷേപകർക്കിടയിൽ വൻ പ്രതിഷേധമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.