തിരുവനന്തപുരം: കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മന്ത്രി കെ.കെ. ശൈലജ. ഇതോടെ സംസ്ഥാനത്തിന് കിട്ടുന്ന ആകെ 7,94,000 ഡോസ് ആയി. ആദ്യം 4,33,500 ഡോസാണ് എത്തിയത്.
ആലപ്പുഴ 19,000, എറണാകുളം 59,000, ഇടുക്കി 7,500, കണ്ണൂർ 26,500, കാസർകോട് 5,500, കൊല്ലം 21,000, കോട്ടയം 24,000, കോഴിക്കോട് 33,000, മലപ്പുറം 25,000, പാലക്കാട് 25,500, പത്തനംതിട്ട 19,000, തിരുവനന്തപുരം 50,500, തൃശൂർ 31,000, വയനാട് 14,000 ഡോസ് വീതമാണ് അനുവദിച്ചത്. ഇന്ന് എറണകുളത്തും തിരുവനന്തപുരത്തും വിമാനത്താവളങ്ങളിൽ വാക്സിൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നാം ദിനം 8548 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ.
ഇന്നലെ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (759) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂർ 632, കാസർഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂർ 759, വയനാട് 491 പേരും വാക്സിൻ സ്വീകരിച്ചു. ആദ്യദിനം 8,062 പേരും ഞായറാഴ്ച 57പേരും തിങ്കളാഴ്ച 7,891 പേരുമാണ് വാക്സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. ആർക്കും പാർശ്വഫലങ്ങൾ ഇല്ല.
തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നു.
4,59,853 ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. 2932 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുന്നണി പോരാളികളുടെ രജിസ്ട്രേഷൻ തുടരുകയാണ്. ആഭ്യന്തര വകുപ്പിലെ 74,711 ജീവനക്കാരും 6,600 മുനിസിപ്പൽ വർക്കർമാരും രജിസ്റ്റർ ചെയ്തു.
വാക്സിന്റെ മികച്ച വിതരണം
കേരളത്തിൽ: മന്ത്രി ശൈലജ
തിരുവനന്തപുരം: കൊവിഡ് വാക്സിൻ കേരളത്തിൽ നല്ല നിലയിൽ നൽകാൻ സാധിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വാക്സിൻ കുത്തിവയ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചില സംസ്ഥാനങ്ങളിൽ 16 ശതമാനം മാത്രമാണ് വാക്സിനേഷൻ നൽകിയത്.
കേരളത്തിൽ ആദ്യദിവസം തീരുമാനിച്ചതിന്റെ 75 ശതമാനത്തിലേറെ കുത്തിവയ്പ് നടത്തി. പതിമൂന്ന് സെന്ററുകളിൽ വച്ച് കൊടുക്കാനാണ് തീരുമാനിച്ചത്. സ്വാഭാവികമായും അതിൽ നൂറ് ശതമാനം ആളുകളും വന്നുവെന്ന് വരില്ല. രജിസ്റ്റർ ചെയ്ത് ആളുകളെ അതത് സമയത്ത് സ്വീകരിക്കുകയാണ് ചെയ്യുന്നത്. പോർട്ടലിന്റെ സാങ്കേതിക തകരാറ് എല്ലാ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോൾ തന്നെ ഹെൽത്ത് സെക്രട്ടറിയും മറ്റും കേന്ദ്രത്തിലെ ആളുകളുമായി ബന്ധപ്പെടുകയും ആപ്പ് വഴിയല്ലാതെ മാനുവലായി വാക്സിനേഷൻ തുടർന്നെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വാക്സിൻ കുത്തിവയ്പ്
ഇഴയുന്നു ; കേന്ദ്രത്തിനും അതൃപ്തി
എസ്. പ്രേംലാൽ
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കുത്തിവയ്പ് സമയബന്ധിതമായി പുരോഗമിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നു. രണ്ടാംഘട്ട വാക്സിൻ ഇന്ന് എത്തുമ്പോൾ ഒന്നാംഘട്ടം പൂർത്തിയായില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷന് കേരളത്തിൽ വേഗതയില്ലെന്നും ഏറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
വാക്സിനെ പറ്റിയുള്ള ഭീതിയാണ് മെല്ലെപ്പോക്കിന് കാരണമെന്നാണ് വിലയിരുത്തൽ.
കുത്തിവയ്പ് എടുക്കാൻ കൃത്യമായ അറിയിപ്പ് കിട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചിലയിടങ്ങളിൽ വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ പ്രവർത്തകർ തയ്യാറാകുന്നില്ലെന്നും വിവരമുണ്ട്.
കൊവിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങളാണ് അറിയിപ്പ് വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ശരാശരി 67% പേർ മാത്രമാണ് ദിവസം വാക്സിൻ സ്വീകരിക്കുന്നത്. 133 കേന്ദ്രങ്ങളിലായി 100 വീതം 13,300 ആരോഗ്യ പവർത്തകർ ഒരു ദിവസം വാക്സിൻ എടുക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ വാക്സിൻ എടുക്കുന്നവർ 9000ൽ താഴെയാണ്.
ഉദ്ഘാടന ദിവസം 8062 പേർ വാക്സിൻ സ്വീകരിച്ചപ്പോൾ തിങ്കളാഴ്ച 7891 പേരാണ് കുത്തിവച്ചത്. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത 3.5 ലക്ഷം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത്. ഏതു കേന്ദ്രത്തിൽ എപ്പോൾ എത്തണം തുടങ്ങിയ കാര്യങ്ങൾ എസ്.എം.എസായി ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പലർക്കും സന്ദേശം ലഭിക്കുന്നത് കുത്തിവയ്പ് ദിവസം രാവിലെയോ കുത്തിവയ്പിന്റെ സമയം കഴിഞ്ഞോ ആണ്. മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ പലർക്കും എത്താനാവുന്നില്ലെന്ന പരാതിയുമുണ്ട്.