malabar-express

സൂപ്പർവൈസറുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം:മലബാർ എക്സ്പ്രസിന്റെ പാഴ്സൽ കോച്ചിൽ ഞായാറാഴ്ചയുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ഡിവിഷനിലെ ഫോറൻസിക്,സാങ്കേതിക വിദഗ്ധർ ഇന്നലെ തെളിവെടുപ്പ് നടത്തി.

അതിനിടെ, കാസർകോട് സ്റ്റേഷനിലെ കമേഴ്സ്യൽ സൂപ്പർവൈസർ നാരായണ നായ്ക്കിനെതിരെ എടുത്ത സസ്പെൻഷൻ നടപടി റെയിൽവേ പിൻവലിച്ചു. തീപിടിത്തത്തിന് കാരണമായ രണ്ടു ബൈക്കുകളും 0 പായ്ക്ക് ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വി.യിലുണ്ട്. അത് വിലയിരുത്തി നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

പഴയ കോച്ചുകൾ

സംസ്ഥാനത്തോടുന്ന ട്രെയിനുകളിൽ കോച്ചുകളെല്ലാം പഴയത്. കൊവിഡ്കാലത്ത് പല കോച്ചുകളും ക്വാറന്റയിൻ കേന്ദ്രങ്ങളും ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളുമാക്കി മാറ്റിയതിനാൽ ആവശ്യത്തിന് കോച്ചുകളില്ലാത്ത സ്ഥിതിയാണ്. ഐ.സി.എഫ്. കോച്ചുകൾ മാറ്റി ആധുനിക എൽ.എച്ച്.ബി.കോച്ചുകളാക്കാനുള്ള നടപടികൾ രണ്ടുവർഷം മുമ്പ് ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് അത് പകുതിപോലുമായിട്ടില്ല.

ഇവിടെ ഐസി.എഫ് കോച്ചുകളാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലായി ഏകദേശം 3200 കോച്ചുകളാണുള്ളത്. ഇതിൽ കൂടുതലും ഐ.സി.എഫ് കോച്ചുകളും കാലപ്പഴക്കം ചെന്നവയുമാണ്. പാസഞ്ചർ കോച്ചുകളുടെ ആയുസ് 18 വർഷമാണ്. നേരത്തേ ഇത് 25 വർഷമായിരുന്നു.

ചങ്ങലവലിക്കരുത്: റെയിൽവേ

ട്രെയിനിൽ തീപിടിത്തമുണ്ടായാൽ യാത്രക്കാർ ഉടൻ ചങ്ങല വലിക്കരുതെന്ന് റെയിൽവേ ഉപദേശിച്ചു. ചങ്ങല വലിച്ചാൽ ട്രെയിൻ ഉടൻ നിൽക്കും. രക്ഷാപ്രവർത്തനം അസാധ്യമായ പാലങ്ങളുടെ മുകളിലോ, ചതുപ്പിനടുത്തോ ആണെങ്കിൽ ദുരന്തവ്യാപ്തി കൂട്ടും. മാത്രമല്ല ചെറിയ തീപിടത്തമാണെങ്കിൽ ട്രെയിനിന്റെ തുടർയാത്ര വൈകും.പരിക്കേറ്റവർക്ക് ചികിത്സാസൗകര്യമൊരുക്കാനും പ്രയാസമാകും.

ട്രെയിനിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർ, പാൻട്രി കാറിനോട് ചേർന്നുള്ള സൂപ്പർവൈസർ, ലോക്കോ പൈലറ്റ്,ഗാർഡ്,റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർക്ക് തീപിടിത്തം കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയിട്ടുണ്ട്.തീപിടത്തം കണ്ടാൽ എത്രയും പെട്ടെന്ന് ഇവരെ അറിയിക്കണം.

തീപിടിത്തമുണ്ടായാൽ തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് സന്ദേശം പോകുകയും അവർ കൺട്രോൾ റൂമിൽ അറിയിച്ച് ഇലക്ട്രിക് ലൈൻ വിതരണം നിറുത്തിവച്ച് അതുവഴിയുള്ള എല്ലാ ട്രെയിനുകളും നിറുത്തിക്കുകയും സിഗ്നലുകൾ നിറുത്തുകയും ചെയ്യും. വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത്തരം മുൻകരുതലുകളാവശ്യമാണ്.