തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മത, സാമുദായിക നേതൃത്വങ്ങളെ വരുതിയിലാക്കുകയെന്ന വലിയ ദൗത്യമാണ് ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായ പത്തംഗ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.
തെക്കൻ ജില്ലകളിൽ കുതിപ്പുണ്ടാക്കാനാവാതെ പോകുന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി യു.ഡി.എഫിനെ അലട്ടുന്ന പ്രശ്നം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള നിയമസഭാ പ്രാതിനിദ്ധ്യം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ, മദ്ധ്യതിരുവിതാംകൂറും വെല്ലുവിളിയുയർത്തുന്ന നിലയായി. കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിമാറ്റം മാത്രമാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് കരുതുന്നില്ല. ക്രൈസ്തവ മേഖലയിലെ സാമൂഹിക ചലനങ്ങളും ഇതിന് വഴിയൊരുക്കിയിരിക്കുന്നതായി യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു.
ക്രൈസ്തവ മേഖലയിൽ, പ്രത്യേകിച്ച് കത്തോലിക്കാവിഭാഗക്കാർക്കിടയിൽ ലീഗ് വിരുദ്ധ വികാരം ശക്തിപ്പെടുത്താനിടയാക്കിയ ഒന്നിലേറെ ഘടകങ്ങളാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്. അതിലൊന്ന് ,മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണത്തിനെതിരെ എറണാകുളത്ത് മുസ്ലിംലീഗ് മുൻകൈയെടുത്ത് നടത്തിയ പ്രതിഷേധ സംഗമമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം തൊട്ട് ലീഗിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഇപ്പോൾ ക്രൈസ്തവമേഖലകളിൽ ശക്തിയായി പ്രചരിപ്പിക്കപ്പെടുന്നതും ഗൗരവതരമായ മാറ്റമായാണ് . ഈഴവ, നായർ സമുദായങ്ങൾക്കിടയിലും യു.ഡി.എഫിനോട് അകൽച്ച പല കാരണങ്ങളാലുണ്ട്. നിയമസഭയിൽ കോൺഗ്രസിന് ഈഴവ പ്രാതിനിദ്ധ്യം ഇപ്പോഴില്ല.
അകൽച്ചകളെയെല്ലാം മാറ്റിയെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്. ഇത്രയും കാലം പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച രമേശ് ചെന്നിത്തലയ്ക്ക് പകരം, പ്രചാരണസമിതി അദ്ധ്യക്ഷ പദവിയിലേക്ക് ഉമ്മൻ ചാണ്ടിയെ അവസാന നിമിഷത്തിൽ പ്രതിഷ്ഠിച്ചതിൽ പാർട്ടിക്കകത്ത് മുറുമുറുപ്പുകൾ ഉയരുന്നുണ്ട്..എങ്കിലും, വിശാലതാല്പര്യം നോക്കുമ്പോൾ അതെല്ലാം അപ്രസക്തമാണെന്നാണ് നേതൃത്വം കരുതുന്നത്.
ഇത്രയും കാലം രമേശ് ചെന്നിത്തലയിൽ കേന്ദ്രീകരിച്ച് നീങ്ങിയ യു.ഡി.എഫ് നേതൃത്വത്തിൽ ഇനി ഉമ്മൻ ചാണ്ടിയും തിരിച്ചെത്തുന്നുവെന്ന പ്രതീതിയാണ് ഐ ഗ്രൂപ്പിൽ അസ്വസ്ഥതയ്ക്കിടയാക്കുന്നത്. രമേശ് ചെന്നിത്തലയെ വിശ്വാസത്തിലെടുക്കാനാണ്, പതിവ് ശൈലി വിട്ട് കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ ഇപ്പോൾ തീരുമാനിക്കുന്നില്ലെന്ന് എ.കെ. ആന്റണി പ്രഖ്യാപിച്ചത്. എന്നാൽ, കോൺഗ്രസിലെ കീഴ്വഴക്കങ്ങൾ നോക്കിയാൽ എല്ലാ കാലത്തും പ്രതിപക്ഷനേതാക്കന്മാരാണ് മുഖ്യമന്ത്രിയായിട്ടുള്ളതെന്നാണ് ഐ ക്യാമ്പിന്റെ അവകാശവാദം. ഉമ്മൻ ചാണ്ടിയെ പ്രചരണസമിതി അദ്ധ്യക്ഷനാക്കിയ പ്രഖ്യാപനം വരും മുമ്പേ, അദ്ദേഹത്തിന് വരവേല്പൊരുക്കിയ എ ക്യാമ്പ്, നായകസ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞു. അത് കടന്ന കൈയായിപ്പോയെന്ന വികാരമാണ് ഐ ക്യാമ്പിൽ.