ശ്രീകാര്യം: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്നലെ ചേർന്ന കോൺഗ്രസ് ചെറുവയ്ക്‌കൽ വാർഡ് കൺവെൻഷൻ കൈയാങ്കളിയിൽ കലാശിച്ചു. ചെറുവയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന കൺവെൻഷനിലാണ് സംഭവം. നഗരസഭാ തിരഞ്ഞെടുപ്പിൽ വി.ആർ. സിനി ചെറുവയ്‌ക്കൽ വാർഡിൽ പരാജയപ്പെട്ടിരുന്നു. വാർഡ് പ്രസിഡന്റും മുൻ കൗൺസിലറും ചേർന്ന് ബി.ജെ.പിക്ക് വോട്ടുമറിച്ചതാണ് തോൽവിക്ക് കാരണമെന്നും അവരെ ഉൾപ്പെടുത്തി യോഗം നടത്താനാകില്ലെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റതോടെയാണ് തർക്കമായത്. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടതോടെ മറുവിഭാഗവും എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് യോഗം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ്‌ ഇരുവിഭാഗത്തെയും പറഞ്ഞുവിട്ടു.