തിരുവനന്തപുരം: അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ പ്രയോഗത്തിലുള്ള റൊബോട്ടിക് ശസ്ത്രക്രിയ ഇന്ത്യയിലും പ്രചരിപ്പിക്കാൻ ഡോ.സുധീർ പി. ശ്രീവാസ്തവ ആവിഷ്‌കരിച്ച സങ്കേതം ശ്രദ്ധേയമാകുന്നു. അമേരിക്കയിൽ റൊബോട്ടിക് ശസ്ത്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം തയ്യാറാക്കിയ മൾട്ടി ആം നോവൽ ടെലി റെബോട്ടിക് അസിസ്റ്റൻസ് (മന്ത്ര) ഇന്നലെ ഡൽഹിയിൽ ലൈവ് ഡെമോൺസ്ട്രേഷൻ നടത്തി. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഉൾപ്പെടെ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തു.
ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്രിറ്ര്യൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ഈ രീതിയിലുള്ള 18 വലിയ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. പരീക്ഷണം വളരെ വിജയപ്രദമായിരുന്നു. ഇന്ത്യയിൽ അപ്പോളോ പോലുള്ള അപൂർവം വലിയ ആശുപത്രികളിൽ മാത്രമാണ് റോബോട്ടിക് ശസ്‌ത്രക്രിയ ഉള്ളത്. ചെലവ് കൂടുതലായതിനാൽ റൊബോട്ടിക് ശസ്ത്രക്രിയ സാർവത്രികമായിട്ടില്ല.
റൊബോട്ടിക് ശസ്ത്രക്രിയ
റൊബോട്ടിക് കൈയും മറ്ര് ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ ഡോക്ടറെ സഹായിക്കും. ഡോക്ടർക്ക് അടുത്തിരുന്ന് ഇതിനെ നിയന്ത്രിക്കാം. ത്രീഡി കാമറയിലൂടെ ശരീരത്തിൽ നടക്കുന്ന പ്രക്രിയ വ്യക്തമായി കാണാം. ഹൃദയ ശസ്ത്രക്രിയ, യൂറോളജി, ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങി മിക്ക ശസ്ത്രക്രിയകളും റൊബോട്ടിക് രീതിയിൽ നടത്താം.
നേട്ടം
ചെറിയ മുറിവ് മാത്രം
കൃത്യത കൂടുതൽ
സങ്കീർണത കുറവ്
പെട്ടെന്ന് ഭേദമാകും
നേരിയ പാടുകൾ മാത്രം
വേദന വളരെ കുറവ്
കാർഡിയാക് സർജനായ ഡോ. സുധീർ പി. ശ്രീവാസ്തവ ചിക്കാഗോ യൂണിവേഴ്സിറ്രിയിലെ കാർഡിയോ റോബോട്ടിക് ഡയറക്ടറും അസി. പ്രൊഫസറുമായിരുന്നു. 1400 റൊബോട്ടിക് ശസ്ത്രക്രിയകൾ നടത്തി. 350 വിദഗ്ദ്ധടീമുകളെ വളർത്തി. 2016ൽ ആന്ധ്രയിൽ എസ്.എസ് ഇന്നവേഷൻസ് തുടങ്ങി. ചെലവ് കുറയ്ക്കുന്ന റോബോട്ടിക് സങ്കേതം വികസിപ്പിക്കുക, കൂടുതൽ രോഗികളിൽ എത്തിക്കുക എന്നിവയാണ് ലക്ഷ്യം.
''റൊബോട്ടിക് ശസ്ത്രക്രിയയുടെ നേട്ടങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്"
-ഡോ.സുധീർ പി. ശ്രീവാസ്തവ, സി.ഇ.ഒ, എസ്.എസ് ഇന്നവേഷൻസ്.