police

മാള:വഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. വടമ പാണ്ട്യാലക്കൽ അനൂപാണ് (35)​ അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സൗമ്യ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അനൂപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.മൊബൈൽ ഫോണിനെ ചൊല്ലി വഴക്കിട്ട ശേഷം വീടിന്റെ പിറകിലെ അലക്കുകല്ലിൽ ഇരിക്കുകയായിരുന്ന സൗമ്യയുടെ ശരീരത്തിലേക്ക് ഇയാൾ കുപ്പിയിൽ കൊണ്ടുവന്ന മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത അടുക്കളപ്പുരയിലെ അടുപ്പിൽ കത്തിയിരുന്ന വിറകെടുത്ത് വസ്ത്രത്തിലേക്ക് തീ കൊളുത്തുകയായിരുന്നു.വസ്ത്രത്തിലേക്ക് തീ ആളിപ്പടർന്നപ്പോൾ അനൂപിന്റെ അമ്മ അമ്മിണി ബക്കറ്റിൽ വെള്ളമെടുത്ത് ഒഴിച്ചാണ് തീയണച്ചത്. സൗമ്യയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ചേർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.80 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ള സൗമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ചെത്തുന്ന അനൂപ് ഭാര്യയുമായി വഴക്കിടുന്നതും മർദ്ദിക്കുന്നതും പതിവായിരുന്നു.മൂന്നാഴ്ച മുമ്പ് വഴക്കിട്ട് വീട്ടിൽ പോയ സൗമ്യയും വീട്ടുകാരും മാള പൊലീസിൽ അനൂപിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരുന്നു. പിന്നീട് സൗമ്യ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒമ്പത് വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് എട്ടും,​ രണ്ടും വയസുള്ള മക്കളുണ്ട്.തെളിവെടുപ്പിനായി ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ സന്തോഷ്,മാള സി.ഐ: സജിൻ ശശി, എസ്.ഐ: ചിത്തരഞ്ജൻ, എ.എസ്.ഐ: സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചത്. പൊലീസ് സയന്റിഫിക് ഓഫീസർ ഷാലു ജോസ്, വിരലടയാള വിദഗ്ദർ എന്നിവർ പരിശോധന നടത്തി.