election

കണ്ണൂർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തിരഞ്ഞെടുപ്പ് നാളെ നടക്കും. സ്വതന്ത്രരടക്കം ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ പൂർണമായും അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളും പായം പഞ്ചായത്തിലെ രണ്ട് വാർഡും മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാർഡുകളും ചേർന്നതാണ് തില്ലങ്കേരി ഡിവിഷൻ.

ആറളം പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് എട്ടും സീറ്റുകളാണുള്ളത്. തില്ലങ്കേരിയിൽ 13 വാർഡുകളിൽ ഒമ്പതെണ്ണം എൽ.ഡി.എഫിനും രണ്ട് വാർഡുകൾ വീതം യു.ഡി.എഫിനും ബി.ജെ.പി.ക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാർഡുകളും എൽ.ഡി.എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വർഡുകളിൽ ആറും എൽ.ഡി.എഫിന്റെ കൈയിലാണ്. ഒന്ന് ബി,ജെ.പി.ക്കും. അയ്യൻകുന്നിൽ മൂന്ന് വാർഡുകളും യു.ഡി.എഫിനൊപ്പമാണ്. വാർഡടിസ്ഥാനത്തിലും ആകെ വോട്ടിലും എൽ.ഡി.എഫിന് മേൽക്കൈയുണ്ടെങ്കിലും കഴിഞ്ഞവർഷം 285 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിനായിരുന്നു വിജയം.

തില്ലങ്കേരി ഡിവിഷനിൽ 49,214 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൊവിഡ് രോഗികൾക്ക് 6ന് പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ട് ചെയ്യാം. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ വെള്ളിയാഴ്ച ബ്ലോക്ക് ഓഫീസിലും പോസ്റ്റൽ വോട്ടുകളും കൊവിഡ് പോസ്റ്റൽ വോട്ടുകളും കളക്ടറേറ്റിലുമാണ് എണ്ണുക. ഉച്ചയോടെ ഫലം അറിയാം.

 ബൂത്തുകളിൽ വെബ് ക്യാമറ


തില്ലങ്കേരി പഞ്ചായത്തിലെ ബൂത്തിനുള്ളിലും പുറത്തും വെബ് കാമറ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ലിൻഡ ജെയിംസിന്റെ ചീഫ് ഏജന്റ് റോജസ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ബൂത്തിനുള്ളിലും പുറത്തും വോട്ടർമാർക്കും പോളിംഗ് ജീവനക്കാർക്കും പൂർണ സുരക്ഷ ഒരുക്കണമെന്ന് കോടതി ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.

ഓപ്പൺ വോട്ട് റൂൾ 26 അനുസരിച്ച് മാത്രമെ അനുവദിക്കാവുവെന്നും നിർദ്ദേശം നൽകി. കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം പരാതിയിൽ തീർപ്പാക്കും. ഇതിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തെ അയോഗ്യനാക്കുമെന്നും ഉത്തരവിൽ പറയുന്നു. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും ബൂത്തിൽ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.