tly-building

തലശ്ശേരി: പൈതൃക നഗരമായ തലശ്ശേരിയെ കാത്തിരിക്കുന്നത് കെട്ടിടങ്ങൾ തകർന്നു വീണുള്ള ദുരന്തങ്ങളായിരിക്കുമെന്നാണ് ആശങ്ക. നൂറ്റി അൻപതോളം വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ് ജനത്തിരക്കേറിയ നഗരഹൃദയത്തിൽ ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുള്ളത്.
നഗരസഭയുടെ കീഴിലുള്ള പനങ്കാവ് ജംഗ്ഷൻ മുതൽ എൽ.എ. റാവുവിന്റെ കട വരെയുള്ള കെട്ടിടങ്ങൾ ജീർണ്ണിച്ച്, മേൽക്കൂരകൾ ചോർന്നൊലിച്ച് ഏത് നിമിഷവും നിലംപൊത്തുമെന്ന പരുവത്തിലാണുള്ളത്. ഈ കെട്ടിട നിര പൊളിച്ചുമാറ്റാൻ മൂന്നര പതിറ്റാണ്ട് മുമ്പ് നഗരസഭ തീരുമാനിച്ചെങ്കിലും എവിടെയും എത്തിയിട്ടില്ല.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ എം.ജി. റോഡിൽ ദിവാകർ സ്റ്റുഡിയോ മുതൽ ജയഭാരതിയുടെ പുതിയ കെട്ടിടം വരെയുള്ള കടകൾ കാലപ്പഴക്കത്താൽ അപകട ഭീതിയുണർത്തുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുളള പഴയ ടൂറിസ്റ്റ് ബംഗ്ലാവ് കെട്ടിട സമുച്ഛയവും നഗരവാസികൾക്ക് പേടി സ്വപ്നമായി മാറിയിട്ടുണ്ട്.
ഒ.വി. റോഡിലാകട്ടെ കാഴ്ചയിൽ തന്നെ ഭീതി പടർത്തുന്ന പഴകിയ ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഏറെയാണ്. ഇടുങ്ങിയ, ഗതാഗതക്കുരുക്ക് പതിവായ മെയിൻ റോഡിൽ മട്ടാമ്പ്രം പള്ളി മുതൽ പഴയ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡരികിലെ ഒട്ടുമിക്ക കെട്ടിടങ്ങളുടേയും നില പരുങ്ങലിലാണ്. ബ്രിട്ടിഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഉപ്പ് കാറ്റേറ്റ് പലതും ജിർണ്ണാവസ്ഥയിലാണ്. പല പഴയ കെട്ടിടങ്ങളുടേയും മുൻഭാഗം പൂർണ്ണമായും മറച്ച് വെച്ച് ശനി, ഞായർ ദിവസങ്ങളിൽ അനധികൃതമായി അറ്റകുറ്റപണികൾ എന്ന പേരിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് പുതുക്കി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
ഒട്ടേറെ കെട്ടിടങ്ങൾ സ്വയം നിലംപൊത്തിയിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവാപായമൊഴിവായത്. മട്ടാബ്രത്തിനടുത്തും ഒ.വി. റോഡിൽ കീർത്തി ആശുപത്രിക്കടുത്തും, മത്സ്യ മാർക്കറ്റിന്നടുത്തെ ഗോഡൗണുമെല്ലാം തകർന്ന് വീണപ്പോൾ ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണ്.