കാഞ്ഞങ്ങാട്: കായികപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഇനി മാസങ്ങൾ മാത്രം. കാസർകോട് വികസന പാക്കേജിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ഇൻഡോർ സ്‌റ്റേഡിയം നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ജില്ലയുടെ കായികമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ മുന്നോടിയായാണ് പ്രഭാകരൻ കമ്മീഷൻ വിഭാവനം ചെയ്ത ഇൻഡോർ സ്‌റ്റേഡിയം യാഥാർഥ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്.
കബഡി, വോളിബാൾ, കമ്പവലി തുടങ്ങിയ മേഖലകളിൽ ജില്ലയുടെ സംഭാവന ചെറുതല്ല. കൃത്യവും ശാസ്ത്രീയവുമായ പരിശീലനം കിട്ടിയാൽ സ്‌പോർട്സ് മേഖലകളിലുള്ള പിന്നാക്കവാസ്ഥ പെട്ടെന്ന് പരിഹരിക്കാനാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയമായ പഠനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് പൂർണ സജ്ജീകരണത്തോടുകൂടിയ സ്‌റ്റേഡിയങ്ങൾ.
പൂർത്തിയാകുന്നത് രണ്ടുനില സ്റ്റേഡിയം
ആറുകോടി ചെലവിട്ട് നിർമിക്കുന്ന സ്‌റ്റേഡിയത്തിൽ വിവിധ സൗകര്യങ്ങളാണ് ഒരുക്കുക. താഴത്തെ നിലയിൽ ഏഴുവരിയും ആറുമീറ്റർ നീളമുള്ള ഗാലറി ഇരുവശത്തും ഉണ്ടാകും. വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, ഹാൻഡ്‌ബാൾ, ബാഡ്മിന്റൺ കോർട്ടുകളും ഇവിടെയാണ്. കൂടാതെ ഡ്രസ് ചേഞ്ചിംഗ് റൂം, ലോബി, ഓഫീസ്, ഡോർമെറ്ററി, ബോയ്സിനും ഗേൾസിനുമുള്ള സ്‌റ്റോർ റൂം താഴത്തെ നിലയിലാണ്.
മുകളിലത്തെ നിലയിൽ വി.ഐ.പി. ഗാലറിക്കു പുറമെ ബോയ്സിനും ഗേൾസിനുമുള്ള ജിംനാഷ്യം, ഡ്രസിംഗ് റൂം, ഗസ്റ്റ് റൂം എന്നിവ ഉണ്ടാകും. ചില പ്രശ്നങ്ങൾ കാരണം തുടക്കത്തിൽ നിർമ്മാണം മന്ദീഭവിച്ചത് പ്രതീക്ഷ തളർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പണി ധ്രുതഗതിയിൽ നടന്നുവരുന്നുണ്ട്. ഈവർഷം തന്നെ നിർമാണം പൂർത്തീകരിക്കാനാകുമെന്ന് വികസനപാക്കേജ് നോഡൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ പറഞ്ഞു.