ksrtc

ജനുവരി ഒന്നു മുതൽ എല്ലാ ബസുകളും സർവീസിന് അയയ്‌ക്കാൻ നിർദേശിച്ചത് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ്. പക്ഷേ, ആകെയുള്ള 5600 സർവീസുകളിൽ ഇപ്പോഴുള്ളത് 3000-3200 മാത്രം. എല്ലാ ബസുകളും സർവീസ് നടത്താൻ ആവശ്യമായ ഡ്രൈവർമാരും കണ്ടക്ടർമാരുമില്ല എന്നതാണ് കാരണം. കെ.എസ്.ആർ.ടി.സിയുടെ 94 ഡിപ്പോകളിലും സർവീസുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ജീവനക്കാരല്ല ഉള്ളത്. ഒന്നുകിൽ കുറവ്, അല്ലെങ്കിൽ കൂടുതൽ. ആവശ്യാനുസരണം ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയാത്ത മാനേജ്മെന്റാണ് ഈ കൊവിഡ് കാലത്ത് ജനം ബസിൽ കുത്തിക്കയറി പോകുന്നതിന്റെ പ്രധാന ഉത്തരവാദി.

തിരുവനന്തപുരം സിറ്റി‌ ഡിപ്പോയിൽ 96 ഡ്രൈവർമാരുടെയും 45 കണ്ടക്ടർമാരുടെയും കുറവുണ്ട്. വെള്ളനാട് ‌ഡിപ്പോയിൽ 40 ഡ്രൈവർമാരുടേയും 18 കണ്ടക്ടർമാരുടേയും കുറവുണ്ട്. വിഴിഞ്ഞത്ത് അത് യഥാക്രമം 41, 20 ആണ്. അതേസമയം ചേർത്തലയിൽ 158 ഡ്രൈവർമാർ കൂടുതലാണ്. അവിടെ അധികമായി 28 കണ്ടക്ടർമാരും ഉണ്ട്. കോട്ടയത്ത് 66 ഡ്രൈവർമാരും 18 കണ്ടക്ടർമാരും അധികമായുണ്ട്. മൂവാറ്റുപുഴയിലും താമരശ്ശേരിയിലും 98 വീതം ഡ്രൈവർമാർ കൂടുതലായുണ്ട്. കൂടുതലുള്ള ‌‌ഡിപ്പോയിൽ നിന്നും കുറവുള്ള ഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയാൽ തീരാവുന്ന പ്രശ്നമാണ് ഇതെന്ന് എല്ലാപേർക്കും അറിയാം. പക്ഷേ, അതിന് തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. കൃത്യമായും ശാസ്ത്രീയമായും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കി ജീവനക്കാരെ പുനർവിന്യസിച്ചാൽ അധികം പരാതികളുണ്ടാകില്ല. അത് ചെയ്യാതെ അതിനും തൊഴിലാളി സംഘടനകളെ കുറ്റംപറഞ്ഞ് തടിതപ്പുകയാണ് കെ.എസ്.ആർ.ടി.സി ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥർ. 89 ബസുകളുള്ള കോഴിക്കോട് ഡിപ്പോയ്ക്ക് ഒരു ബസിന് 1.8 ഡ്രൈവർ, 1.8 കണ്ടക്ടർ അനുപാതത്തിൽ വേണ്ടത് 160 വീതം കണ്ടക്ടറും ‌ഡ്രൈവർമാരുമാണ്. പക്ഷേ, അവിടെ 177 ഡ്രൈവർമാർ കൂടുതലാണ് 31 കണ്ടക്ടർമാരും. അവർ ചടങ്ങുപോലെ ഡിപ്പോയിൽ വന്നു മടങ്ങും. ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമില്ലെങ്കിൽ ഇഞ്ചികൃഷിയും വാഴകൃഷിയുമൊക്കെ ചെയ്തെന്നിരിക്കും. അതിനെ ആക്ഷേപിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ് ജീവനക്കാരുടെ വാദം.

ഇനി സ്ഥലംമാറ്റ പട്ടിക ഇറക്കിയെന്നിരിക്കട്ടെ, അതിൽ ആക്ഷേപവും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പ്രവാഹവും. സ്ഥലംമാറ്റം തങ്ങളുടെ ഇഷ്ടപ്രകാരം വേണമെന്ന ആവശ്യവുമായി ലിസ്റ്റുമെടുത്ത് യൂണിയൻ നേതാക്കളുടെ വരവായി. അത് നടപ്പിലായില്ലെങ്കിൽ സമരം തുടങ്ങും. കുറച്ചുനാൾ മുമ്പുവരെ കുറവും കൂടുതലും അറിയാത്ത രീതിയിൽ ബസുകളോടിയത് എം.പാനൽ ജീവനക്കാരുള്ളതു കൊണ്ടായിരുന്നു. അവരെ പിരിച്ചു വിട്ടതുമുതൽ സർവീസുകൾ മുടങ്ങിത്തുടങ്ങി. കൊവിഡിന് മുമ്പ് വർക്ക് അറേഞ്ച്മെന്റിൽ ജീവനക്കാരെ പുനർവിന്യസിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് അവരെയെല്ലാം സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാൻ അനുവദിച്ചത്.

ലോക്ക് ഡൗണും കൊവിഡും ജീവനക്കാരെ മടിയന്മാരാക്കിയെന്ന് അവർ തന്നെ രഹസ്യമായി സമ്മതിക്കും. ജോലിയില്ല, ശമ്പളം കൃത്യമായി കിട്ടും. ബസുകൾ കൂടുതലായി ഓടിത്തുടങ്ങിയപ്പോൾ എങ്ങനെ ഡ്യൂട്ടി ഒഴിവാക്കാമെന്നായി ചിന്ത. അങ്ങനെ അവസരം മുതലാക്കിയവരാണ് 120 ദിവസം വരെ വീട് കണ്ടെയ്‌മെന്റ് സോണിലാണെന്നും പറഞ്ഞ് മുങ്ങിയവർ. ബസ് മുടങ്ങുന്നതിന് മറ്രൊരു കാരണം കൂടിയുണ്ട്. ഡ്രൈവർ ബസുമായി വരുമ്പോൾ കണ്ടക്ടർ കയറില്ല. ഓഫീസ് ഡ്യൂട്ടിയാണെന്നും പറഞ്ഞ് ചുമ്മാ ഇരുന്നുകളയും. ഡ്രൈവർ കുറച്ചു കഴിയുമ്പോൾ വണ്ടി ഒതുക്കിയിട്ടിട്ട് പോകും. ആ സമയത്ത് ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നവരാണ് തങ്ങളുടെ അന്നത്തിനുള്ള വക തരുന്നതെന്ന ബോധം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ജീവനക്കാർ 'മുങ്ങു'മോ?

ബ്രേക്ക് ദി ചെയിൻ സർവീസ്!

രാജമാണിക്യം എം.ഡിയായിരുന്നപ്പോഴാണ് ചെയിൻ സർവീസുകളിലൂടെ കൂടുതൽ വരുമാനവും ഒപ്പം യാത്രക്കാരുടെ പ്രീതിയും പിടിച്ചുപറ്റാൻ നടപടി തുടങ്ങിയത്. ടോമിൻ തച്ചങ്കരി അത് കുറച്ചുകൂടി കാര്യക്ഷമമാക്കി. ഇപ്പോൾ സർവീസുകളുടെ ചെയിനൊക്കെ പൊട്ടി. ഉദാഹരണമായി കൊട്ടിയം - അഞ്ചൽ എന്നൊരു ചെയിൻ സർവീസിന്റെ കാര്യമെടുക്കാം. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിലെ ബസുകളായിരുന്നു ഇവിടെ ചെയിൻ സർവീസ് നടത്തിയിരുന്നത്. അതിനെതിരെ ആദ്യം എതിർപ്പുമായി എത്തിയത് സ്വകാര്യബസുകളായിരുന്നു. എം.പാനൽ ജീവനക്കാരായിരുന്നു ബസുകളിൽ. കളക്ഷൻ ശരാശരി 13,000 രൂപ. ഈ കളക്ഷനൊക്കെ ഇപ്പോൾ പോയി.

നല്ല റോ‌ഡും ട്രാഫിക് ബ്ലോക്കിന്റെ കുറവും കാരണം സ്ഥിരം ജീവനക്കാർ റൂട്ട് ചോദിച്ചു വാങ്ങി. ശനിയും ഞായറും കെ.എസ്.ആർ.ടി.സിയെ കാണാനില്ലാതെയായി. സ്വകാര്യബസിന്റെ മുന്നിലോടിയിരുന്ന ബസുകൾ പിന്നിലോട്ടായി. സമയക്രമം തെറ്റി. യാത്രക്കാർ സ്വകാര്യബസുകളിലേക്ക് തിരിച്ചു പോകുന്നതിന് ഇതുമാത്രമല്ല കാരണം. റൂട്ട് പെർമിറ്റ് തെറ്റിച്ചുകൊണ്ട് സ്വകാര്യ ബസുകൾ ഈ റൂട്ടിൽ യഥേഷ്ടം ഓടി. നടപടി എടുക്കാൻ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിട്ടു പോലും ഗതാഗത വകുപ്പിന്റെ കീഴിലുള്ള മോട്ടോർ വാഹനവകുപ്പ് തയ്യാറായില്ല.

(തുടരും )​