@രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച ഈ മാസം അവസാനം
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയിൽ നടത്തിയേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേരളകൗമുദിയോട് പറഞ്ഞു. കേരളവും ബംഗാളും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15നും 30നും ഉള്ളിൽ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന.
കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചപ്പോൾ ഒരുഘട്ടമായി നടത്തിയാൽ കുഴപ്പമുണ്ടോ എന്ന് തിരിച്ച് ചോദിച്ചു. കേരളം ചെറിയ സംസ്ഥാനമല്ലേ ഒറ്റഘട്ടമായി നടത്താവുന്നതല്ലേയുള്ളൂ, മുമ്പും ഒരു ഘട്ടമായിരുന്നല്ലോ എന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ചു. അങ്ങനെ നടത്തുന്നതിൽ പ്രശ്നമില്ലെന്നും രണ്ട് ഘട്ടമാക്കിയാൽ കൊവിഡിനെ നന്നായി പ്രതിരോധിക്കാമെന്നും താൻ നിർദ്ദേശിച്ചു. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളുമായി ചർച്ചചെയ്യും. രണ്ട് ഘട്ടമാക്കണമെന്ന് അവർ നിർബന്ധിച്ചാൽ അങ്ങനെ നടത്തും. ചർച്ചയ്‌ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യസംഘം ഈ മാസം അവസാനമെത്തും. ചീഫ് ഇലക്‌ഷൻ കമ്മിഷണർ ഉൾപ്പെടുന്ന സംഘം ഫെബ്രുവരി ആദ്യവാരവുമെത്തും.
ബംഗാളിൽ അഞ്ച് ഘട്ടമായിരിക്കും. ബംഗാളിലെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കൊപ്പം കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇനിയും പേര് ചേർക്കാം
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതു വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഡിസംബർ വരെ പേര് ചേർത്തവരുടെ ഉൾപ്പെടെ അന്തിമ വോട്ടർ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. പേര് ചേർക്കാനും വിലാസം മാറ്റാനും തെറ്റ് തിരുത്താനുമായി 9.67ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 7.58 ലക്ഷം അപേക്ഷകളും പുതുതായി പേര് ചേർക്കാനായിരുന്നു. പട്ടികയിൽ 2,63,08,087 വോട്ടർമാരാണുള്ളത്.
പുതിയ വോട്ടർമാർക്കും സ്ഥലം മാറ്റവും തിരുത്തലും വരുത്തിയ വോട്ടർമാർക്കും 60 ദിവസത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫീസർമാർ തിരിച്ചറിയൽ കാർഡ് നൽകും. കാർഡ് ലഭിച്ചില്ലെങ്കിൽ വോട്ടർമാർക്ക് ബി.എൽ.ഒമാരെ വിളിക്കാം. പുതുതായി പേര് ചേർക്കാൻ ഈ മാസം ഒന്നു മുതൽ ലഭിച്ച അപേക്ഷകളുടെ പട്ടിക നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുൻപ് പ്രസിദ്ധീകരിക്കും. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.