road
കർണാടക വനമേഖലയിലെ ചെമ്മൺ റോഡ്

കണ്ണൂർ: മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ പുളിങ്ങോം, ബാഗമണ്ഡലം റോഡ് നിർമ്മാണം പാതിവഴിയിൽ. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോത്തുനിന്നും ബാഗമണ്ഡലത്തിലേക്കുള്ള റോഡ് 2008 ൽ സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി പുളിങ്ങോം പുഴയ്ക്ക് കുറുകെ കർണ്ണാടക അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുണ്ട്.

റോഡ് യാഥാർത്ഥ്യമായാൽ പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ദൂരം 80 കിലോമീറ്ററോളം കുറയും. കർണ്ണാടക വനമേഖലയിലൂടെ കടന്നുപോകുന്നതാണ് പുളിങ്ങോം, ബാഗമണ്ഡലം റോഡ്.

18.കി.മി ചെമ്മൺപാത

കർണ്ണാടകയിലൂടെ കടന്നുപോകുന്ന ഭാഗത്ത് 18 കിലോമീറ്റർ ചെമ്മൺ പാതയാണ്. പാലം നിർമ്മാണഘട്ടത്തിൽ തന്നെ അനുബന്ധ റോഡ് നിർമ്മാണത്തിന് കർണ്ണാടക സംസ്ഥാനവുമായി കേരളം ബന്ധപ്പെട്ടിരുന്നു. എന്നാൽ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിൽ കർണാടകം അനുമതി നിഷേധിക്കുകയായിരുന്നു. കർണ്ണാടക സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയൂ.

പദ്ധതി യാഥാർത്ഥ്യമായാൽ മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് കൂടുതൽ പ്രയോജനപ്പെടുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തിയാൽ പദ്ധതി യാഥാർത്ഥ്യമാവും എന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അല്ലാത്തപക്ഷം പാലം നിർമ്മാണത്തിനായി മുടക്കിയ ലക്ഷങ്ങൾ പാഴാവുകയും ചെയ്യും.

നിയമസഭയിലും

മലയോരത്തിന്റെ അന്തർസംസ്ഥാന ഗതാഗത രംഗത്ത് സുപ്രധാന വഴിയായി മാറാവുന്ന പുളിങ്ങോം - ബാഗമണ്ഡലം പാതയുടെ സാധൂകരണത്തിന് കർണ്ണാടക സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .