treasury-

തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറിയിൽ അടുത്തകാലത്തു നടന്ന രണ്ടുകോടിയിൽപ്പരം രൂപയുടെ പണാപഹരണം വളരെയധികം ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ച് അക്കൗണ്ടന്റ് കളക്ടറുടെ അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതാണ് സംഭവം. തട്ടിപ്പുകാരനെ പുറത്താക്കിയെന്നതു ശരിയാണ്. പൊലീസ് കേസെടുത്തെന്നും കേട്ടിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മറ്റു മുഴുവൻ ഉദ്യോഗസ്ഥരെയും സർക്കാർ ഇപ്പോൾ കുറ്റവിമുക്തരാക്കിയെന്ന വാർത്ത അമ്പരപ്പിക്കുന്നതു തന്നെയാണ്. സംഭവത്തിന്റെ തുടക്കം മുതൽ കൈക്കൊണ്ട അലസ സമീപനത്തിന്റെ സ്വാഭാവികമായ പരിണതി തന്നെയാണ് വെറുമൊരു താക്കീതിൽ ഒതുക്കി അവസാനിപ്പിച്ച വകുപ്പുതല ശിക്ഷാനടപടി. സർക്കാർ ഖജനാവിന്റെ ഭാഗമായ ട്രഷറിയിലെ ഇടപാടുകൾ അങ്ങേയറ്റം സുതാര്യവും സത്യസന്ധവുമാണെന്ന പൊതു ധാരണയ്ക്ക് വിള്ളൽ വീഴ്‌ത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നത്. ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഇതുപോലൊരു തട്ടിപ്പ് നടക്കുമോ എന്നു സംശയിച്ചവർ ഏറെയുണ്ട്. വകുപ്പു തലത്തിലും പൊലീസ് തലത്തിലും നടക്കുന്ന അന്വേഷണം പൂർത്തിയാകുമ്പോൾ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നു കരുതിയവരെ കബളിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ അവസാനിക്കുന്നത്. തട്ടിപ്പിന്റെ വേരുകൾ കണ്ടെത്താൻ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവും പാഴ്‌ വാക്കായിരിക്കുകയാണ്. വഞ്ചിയൂരിലെ തട്ടിപ്പ് പുറത്തുവന്നപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന സംഭവങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. വിജിലൻസിനെ വിട്ട് ഇതിന്റെയൊക്കെ സത്യാവസ്ഥ കണ്ടെത്തുമെന്നും കേട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. സംഗതി ഗോപ്യമായി സൂക്ഷിക്കാനുള്ള വ്യഗ്രതയാണ് പിന്നീടു ദർശിക്കാനായത്. ഗുരുതരമായി കൈകാര്യം ചെയ്യേണ്ട പണാപഹരണ കേസുകളിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതിനു പകരം അവരെ രക്ഷപ്പെടുത്തുന്ന സമീപനം ഇതുപോലുള്ള തെറ്റു ചെയ്യാൻ മറ്റുള്ളവർക്കും പ്രേരണയാവുകയാണ്. കേവലം താക്കീതു മാത്രം നൽകി അവസാനിപ്പിക്കേണ്ട കേസൊന്നുമല്ല ഇത്. സംഘടനാബലം കുറ്റകൃത്യങ്ങൾക്ക് ഒരിക്കലും കവചമാകയുമരുത്.

ട്രഷറി പോലെ പണം കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ നിസാര പിഴവുകൾ പോലും അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതാണ് കണ്ടുവരുന്നത്. വഞ്ചിയൂർ സംഭവത്തിലാകട്ടെ വൻതുക തന്നെയാണ് തട്ടിപ്പിലൂടെ കൈമാറിയത്. വിവരം ബന്ധപ്പെട്ടവർ മേലുദ്യോഗസ്ഥരെയും പൊലീസിനെയും യഥാസമയം അറിയിച്ചില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധ സംഘത്തിന്റെ കണ്ണിലും കാര്യമായി ഒന്നും പെട്ടില്ലന്നല്ലേ ഇപ്പോൾ വെളിവാകുന്നത്. എത്ര വലിയ തട്ടിപ്പു നടന്നാലും ലഘുവായ ശിക്ഷ നേരിട്ടാൽ മതിയാകുമെന്നു വന്നാൽ തട്ടിപ്പിന്റെ പുതുവഴികൾ പലരും പരീക്ഷിച്ചെന്നിരിക്കും. തട്ടിപ്പും തിരിമറികളും ഒരിടത്തു മാത്രം ഒതുങ്ങുകയില്ല. സർവകലാശാലകളിലെ പരീക്ഷാവിഭാഗങ്ങളിൽ ഓരോ വർഷവും നടക്കുന്ന തിരിമറികളുമായി ബന്ധപ്പെട്ട് എത്രയെത്ര വാർത്തകളാണു വരുന്നത്. കഴിഞ്ഞ ദിവസവും കേരള സർവകലാശാലയിൽ നിന്ന് അത്തരത്തിൽ ഒരെണ്ണം പുറത്തുവന്നിട്ടുണ്ട്. മാർക്ക് തിരുത്തലുമായി ബന്ധപ്പെട്ട് സെക്‌ഷൻ ഓഫീസർ സസ്‌പെഷനിലുമായി. ഇതുപോലുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ സർവീസിൽ തുടരാൻ അനുവദിക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങൾക്ക് വളംവയ്ക്കുന്നത്. ചേതമുണ്ടാകാത്ത കുറ്റങ്ങൾ ചെയ്യുന്നവരോടു സൗമനസ്യമാകാം. എന്നാൽ അറിഞ്ഞുകൊണ്ടു പണാപഹരണം നടത്തുന്നവരോടും മാർക്ക് തിരുത്തുന്നവരോടുമൊന്നും ഒരുവിധ ദാക്ഷിണ്യവും പാടില്ല.