തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ 100 ശതമാനം ആളുകളും പാലിക്കുന്നുവെന്ന് പറയാനാവില്ലെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. ജനങ്ങൾക്ക് മാതൃകയാകേണ്ട എം.എൽ.എമാർ പോലും നിയമസഭയിൽ സംസാരിക്കുന്നത് മാസ്ക് താഴ്ത്തിയാണ്. അത് തെറ്റായ രീതിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിനെടുത്തവരിൽ ഇതുവരെ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല. വാക്‌സിനേഷൻ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനും കേരളം സജ്ജമാണെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ല. കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കും. വാക്‌സിൻ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. താരതമ്യേന അപകടസാദ്ധ്യതയില്ല എന്ന് ഉറപ്പുവരുത്തിയ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.