u

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായിരുന്ന എസ്.വി.പ്രദീപിന്റെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകുമാരി സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസസമരം നടത്തി. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസം പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മകന് നീതി ലഭിക്കണമെന്നും വസന്തകുമാരി പറഞ്ഞു. സത്യത്തിനുവേണ്ടി നിലകൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഒരു മാദ്ധ്യമപ്രവർത്തകന്റെ അമ്മയാണ് താനെന്നും മകനെ കെണിയിൽ പെടുത്തുകയായിരുന്നെന്നും അവന് നീതികിട്ടണമെന്നും അവർ നിറകണ്ണുകളോടെ പറഞ്ഞു. മകനെ ചതിച്ചതാണെന്ന് വിശ്വസിക്കുന്നു. അതെന്താണെന്ന് കണ്ടെത്തണം. ആരുടെയും സ്വാധീനത്തിൽ വഴങ്ങുന്നവനായിരുന്നില്ല പ്രദീപ്. മകനെ നശിപ്പിച്ചതുപോലെ കുടുംബത്തെയും നശിപ്പിക്കാനാണ് ശ്രമം. പൊലീസിന്റെ നടപടികൾ സംശയമുണ്ടാക്കുന്നതാണെന്നും കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വസന്തകുമാരി പറഞ്ഞു.

പ്രദീപിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പി.ടി.തോമസ് പറഞ്ഞു. പ്രദീപിന്റെ സ്‌കൂട്ടർ പരിശോധിക്കാനോ, സി.സി.ടി.വി പരിശോധിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും നടത്തിയില്ല. സജീവമായി നിന്ന ഒരു മാദ്ധ്യമപ്രവർത്തകന് പകൽവെളിച്ചത്തിൽ ഇങ്ങനെ സംഭവിക്കാമെങ്കിൽ നാളെ ആർക്കും എന്തും സംഭവിക്കാവുന്ന അവസ്ഥയുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു. ആക്ഷൻ കൗൺസിൽ കൺവീനർ കെ.എം.ഷാജഹാൻ, പ്രദീപിന്റെ ഭാര്യയുടെ മാതാപിതാക്കൾ,​ ബി.ജെ.പി. സംസ്ഥാന സമിതി അംഗം എസ്.സുരേഷ്, ആക്ഷൻ കൗൺസിലിലെ മറ്റു ഭാരവാഹികൾ,​ മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.