snowfall

ചുട്ടുപൊള്ളുന്ന മരുഭൂമിയെ മൂടി പുതഞ്ഞ് മഞ്ഞ് വീഴ്ച. ഈ ആഴ്ച രണ്ട് വ്യത്യസ്ത മരുഭൂമികളിൽ നിന്നുള്ള അപൂർവ്വ കാഴ്ചയാണിത്. അരനൂറ്റാണ്ടിനിടെ ആദ്യമായി സൗദി അറേബ്യയിലെ അസിർ പ്രവിശ്യയിലെ മരുഭൂമിയിലുണ്ടായത് ശക്തമായ മഞ്ഞു വീഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൈനസ് 2 ഡിഗ്രി സെൽഷ്യസിന് താഴേക്ക് ഇവിടുത്തെ താപനില കൂപ്പുകുത്തി. കഴിഞ്ഞയാഴ്ച ആഫ്രിക്കയിൽ സഹാറ മരുഭൂമിയുടെ കവാടം എന്നറിയപ്പെടുന്ന അൾജീരിയൻ നഗരമായ അയ്ൻ സെഫ്രയിലും സമാന രീതിയിൽ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. മൈനസ് 3 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില.

വരണ്ട സഹാറൻ മേഖലകളിൽ തുടർച്ചയായ നാലാം തവണയാണ് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. 37 വർഷങ്ങൾക്കുമുമ്പാണ് ഇത്തരത്തിൽ മ‌ഞ്ഞുവീഴ്ച അൾജീരിയൻ സഹാറയിലുണ്ടായത്. ഉത്തരാർദ്ധ ഗോളത്തിലെ പല ഭാഗങ്ങളിലും ഇത്തവണ ശൈത്യകാലത്ത് പതിവില്ലാത്ത തണുത്ത അന്തരീക്ഷമാണുണ്ടായിരുന്നത്. യു.എ.ഇ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടും.

1971ന് ശേഷം റെക്കോഡ് മഞ്ഞുവീഴ്ചയ്ക്കാണ് അടുത്തിടെ സ്പെയിൻ സാക്ഷ്യം വഹിച്ചത്. സഹാറയിലെയും സൗദി അറേബ്യയിലെയും മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹാറയിലെ മണൽത്തരികൾക്ക് മുകളിൽ വെള്ള പരവതാനി വിരിച്ച പോലെയുള്ള മഞ്ഞും സൗദി അറേബ്യൻ മണലാരണ്യങ്ങളിലെ മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള ഒട്ടകങ്ങളുടെയും ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നു.

അൾജീരിയൻ ഫോട്ടോഗ്രാഫറായ കരിം ബൗഷെറ്റാറ്റ പകർത്തിയ ചിത്രങ്ങളാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസം കാണാൻ നിരവധി പേരാണ് ഈ മരുഭൂമികളിലേക്കെത്തിയത്. കാലാവസ്ഥ വ്യതിയാനമാണ് കാലംതെറ്റി വരുന്ന സീസണിന്റെ കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. കാർബണിന്റെ അളവ് കൂടുതൽ അതിശൈത്യമെന്ന പോലെ കഠിനമായ വേനലിനും ഇടയാക്കും.