അഞ്ചുതെങ്ങ്: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അതിദാരുണമായി മരിച്ച വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായവും സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.
ഇക്കഴിഞ്ഞ 13 ന് ഉച്ചയോടെ വർക്കല മരക്കട മുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണാണ് അഞ്ചുതെങ്ങ് കായിക്കര പുളിത്തിട്ട വീട്ടിൽ ദുഷ്യന്തൻ-ഉഷ ദമ്പതികളുടെ മകൻ വിഷ്ണു (26) മരിച്ചത്. രണ്ട് യാത്രക്കാരുമായി വർക്കല മരക്കട മുക്കിൽ നിന്നു ചെറുന്നിയൂരിലേക്ക് പോകുമ്പോഴാണ് വർക്കല ബ്ലോക്ക് ഓഫീസിന് സമീപത്തുവച്ച് പ്ലാവ് ഓട്ടോയ്ക്ക് മുകളിൽ ഒടിഞ്ഞു വീണത്.
നിർദ്ധന കുടുംബത്തിലെ അംഗമായ വിഷ്ണുവിന്റെ വരുമാനത്തിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. എ.സി ടെക്നീഷ്യനായി ജോലി നോക്കിയിരുന്ന വിഷ്ണു ഒഴിവ് സമയങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ചുമാണ് കുടുംബം പുലർത്തിയിരുന്നത്.
കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ കുടുംബം. 3 സെന്റ് വസ്തുവിലാണ് ഇവർ താമസിക്കുന്നത്. മറ്റ് ഗത്യന്തരമില്ലാത്തതിനെ തുടർന്ന് വിഷ്ണുവിന്റെ മൃതദേഹം വീട്ടുപടിക്കൽ തന്നെ സംസ്കരിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബാംഗത്തിന് സർക്കാർ ജോലിയും ധനസഹായവും നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനുവേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആഭ്യർത്ഥന.