mrigasupathri

മുടപുരം: പൊതുമരാമത്ത് വകുപ്പ്' അൺഫിറ്റ്' എന്നെഴുതി വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ആ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കേണ്ട ഗതികേടിലാണ് പെരുങ്ങുഴി ഗവ. മൃഗാശുപത്രിയിലെ ജീവനക്കാർ.

ദിനംപ്രതി ഒട്ടേറെ ക്ഷീരകർഷകർ ഡോക്ടറെ കാണാൻ ആശുപത്രിയിൽ എത്തുന്നുണ്ട്.

600ൽ പരം ക്ഷീരകർഷകർ മൃഗപരിപാലനത്തിനായി ആശ്രയിക്കേണ്ട ഈ ആശുപത്രിയുടെ മന്ദിരം ജീർണാവസ്ഥയിലാണ്.

പെരുങ്ങുഴി നാലുമുക്ക് ജംഗ്‌ഷന്‌ സമീപമുള്ള 10 സെന്റ് സ്ഥലത്തെ മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് അഴൂർ ഗ്രാമ പഞ്ചായത്തിലെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്.

പകുതി ഓടും പകുതി ടെറസുമാണ് കെട്ടിടം. മറ്റ് മുറികളുടെ ചുവരുകളും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. അനേക വർഷം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ച് പുതിയ മന്ദിരം നിർമ്മിക്കണമെന്ന് നിരവധി വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. ഔദ്യോഗികമായി പുതിയ മന്ദിരം നിർമ്മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലം കണ്ടിട്ടില്ല. മഴ വന്നാൽ ഇടിഞ്ഞ് വീഴാൻ പാകത്തിൽ നിലകൊള്ളുന്ന ഈ കെട്ടിടത്തിൽ ഭയത്തോട് കൂടിയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.

അതിനാൽ പെരുങ്ങുഴി മൃഗാശുപത്രിക്ക് പുതിയ മന്ദിരം നിർമ്മിക്കാനും അതുവരെ താത്കാലികമായെങ്കിലും വാടക കെട്ടിടം നൽകണമെന്നും നാട്ടുകാർ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

കൺസൾട്ടിംഗ് പുറത്ത്

മഴ ഒന്ന് പെയ്താൽ ചോർന്ന് ഒലിക്കുന്ന മുറിയിൽ നിന്നും പുറത്തിറങ്ങി വരാന്തയിൽ ഇരുന്ന്' കൺസൾട്ടിംഗ്' നടത്തേണ്ട അവസ്ഥയിലാണ് ഡോക്ടർ. മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് ഡോക്ടറുടെ മുറി.