strike

കൊച്ചി: മുൻകൂർ പരിസ്ഥിതി അനുമതി നേടിയശേഷമേ ദേശീയപാത വികസനത്തിന് ഭൂമി ഏ​റ്റെടുക്കാൻ പാടുള്ളൂ എന്ന സുപ്രീം കോടതി വിധി കാ​റ്റിൽപറത്തി ഇടപ്പള്ളി മൂത്തകുന്നം പ്രദേശത്ത് ഭൂമിയേ​റ്റെടുക്കൽ വിജ്ഞാപനം ഇറക്കിയ സർക്കാർ നടപടിയിൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ 3ഡി വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. തുടക്കം മുതൽ നിയമവിരുദ്ധമായാണ് സ്ഥലമെടുപ്പ് നടപടികൾ തുടരുന്നത്. സുപ്രീം കോടതി വിധിയോടെ ഇപ്പോൾ നടക്കുന്ന സ്ഥലമെടുപ്പ് നടപടികൾ നിയമവിരുദ്ധമായതിനാൽ നിർത്തിവെക്കണമെന്ന് സംയുക്തസമരസമിതി ആവശ്യപ്പെട്ടു. ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജാഫർ മംഗലശേരി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം ചേന്നാംപിള്ളി, വി.കെ.സുബൈർ , മുഹമ്മദ് അസ്ലം, നിയാസ് എ.ബി, എ.എ ഉബൈദ്, ഷിഹാബ്, ചന്ദ്ര ശേഖരൻ, ടോമി അറക്കൽ, കെ.ഡി ലോറൻസ്, ജോഷി എന്നിവർ പ്രസംഗിച്ചു.