niyamasabha

തിരുവനന്തപുരം: അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മാന്യമല്ലാതെ പെരുമാറിയ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണന് കസ്റ്റംസ് വകുപ്പ് സമൻസ് അയയ്ക്കുകയും അദ്ദേഹം എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ജനുവരി 5ന് ഹാജരാവുകയും ചെയ്തു. മടങ്ങിവന്നശേഷം ജനുവരി 7ന് ഹരികൃഷ്ണൻ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതായും വി.ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.

ചില പ്രത്യേക രീതിയിൽ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും അതിനു തയ്യാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് ചീഫ് സെക്രട്ടറി ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയെന്നുംമുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.