തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ 'നമുക്ക് ജാതിയില്ല' വിളംബര സ്മാരക മ്യൂസിയത്തിന്റേത് ഉൾപ്പെടെയുള്ള നിർമ്മാണ പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ ഇന്ന് യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സ്മാരകത്തിന്റെ കാര്യം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജന.സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.
ശിവഗിരി മഠത്തിലെ സുപ്രധാന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മ്യൂസിയത്തിന്റെ നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തുകയും അഞ്ച് ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിർമ്മാണ പെർമിറ്റിനായി ശിവഗരി മഠം അധികൃതർ അപേക്ഷ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മ്യൂസിയം നിർമ്മാണത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും തടസങ്ങളും ഇല്ലാതിരിക്കെ, അതു നടപ്പാക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്മാരകത്തിന്റെ നിർമ്മാണത്തിന് സാങ്കേതിക പ്രശ്നങ്ങളാണ് തടസമെന്ന് മന്ത്റി എ.കെ. ബാലനു വേണ്ടി മന്ത്റി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സാംസ്‌കാരിക വകുപ്പിൽ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടില്ല. അതിനിടെ കോടതിയിൽ നിന്ന് സ്റ്റേ വരികയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
പിന്നാക്ക സംവരണം : പരിശോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംവരണം അടക്കമുള്ള വിവരങ്ങൾ പരിശോധിക്കുന്നതിന് ഇ- കാസ്റ്റ് ഡേറ്റാ ബേസ് ഓഫ് എംപ്ലോയീസ് ഇൻ സർവീസ് കേരള എന്ന പേരിൽ ഒരു വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. 99 സർക്കാർ വകുപ്പുകളിലെ 96.26 ശതമാനം ജീവനക്കാരുടെ വിവരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സംവരണം സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.