നെയ്യാറ്റിൻകര: ഏപ്രിൽ ഒന്നു മുതൽ നെയ്യാറ്റിൻകരയിൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. നേരത്തെ തന്നെ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും നഗരത്തിൽ ഇപ്പോഴും പ്ലാസ്റ്റിക്കിന്റെ ഉപയോഗം തുടരുകയാണ്. പ്ലാസ്റ്റിക്കുകൾ നഗരത്തിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പൂർണമായും നിരോധിക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹനാണ് പ്ലാസ്റ്റിക് നിരോധിക്കുന്നത് സംബന്ധിച്ചുളള പ്രഖ്യാപനം നടത്തിയത്. വ്യാപാരികളുമായി പൂർണമായും ആലോചിച്ചായിരിക്കും നിരോധനം നടപ്പിലാക്കുക. ഒപ്പം കത്താതെ കിടക്കുന്ന തെരുവു വിളക്കുകൾ മാറ്റി നിലാവ് പദ്ധതി പ്രകാരം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. പൂട്ടികിടക്കുന്ന മാർക്കറ്റുകൾ തുറക്കുക, ആറാലുംമൂട് ചന്ത നവീകരിക്കുക, സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈയേറ്റം ചെയ്തിരിക്കുന്ന ഭൂമികൾ കണ്ടെത്തി തിരിച്ച് പിടിക്കുക, എല്ലാ അപേക്ഷകളും സ്വീകരിക്കാൻ പറ്രുന്ന വിധത്തിൽ നഗരസഭാ ഫ്രണ്ട് ഓഫീസ് കാര്യക്ഷമാക്കുക, എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതി നടപ്പിലാക്കാൻ വാട്ടർ അതോറിട്ടിയുമായി ചേർന്ന് പ്രോജക്ട് തയാറാക്കുക, 2020-2021 ലെ പ്രോജക്ടുകൾ പൂ‌ണമായും നടപ്പിലാക്കുക, പൊതുശ്മശാനം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും യാഥാർത്ഥ്യമാക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഒന്നരവർഷമായി പ്രവർത്തനമില്ലാതിരുന്ന നഗരസഭാ ആംബുലൻസ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ ആവശ്യപ്പെട്ടു. മരുതത്തൂരിൽ റിലയൻസ് ടവർ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് മരുതത്തൂർ വാർഡ് കൗൺസിലർ ബിനുകുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഈരാറ്റിൻപുറത്തെ നഗരസഭ ഭൂമി നഗരസഭ തന്നെ വിലയ്ക്കു വാങ്ങേണ്ട സാഹചര്യം കഴിഞ്ഞ ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്. അതിനെപറ്റി സമഗ്ര അന്വേഷണം വേണമെന്നും നഗരസഭ ആസ്ഥിയെ സംരക്ഷിക്കാൻ വേണ്ടി നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാമെന്ന് ചെയർമാൻ ഉറപ്പു നൽകി.