walayar-case

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ച കാരണം കുഴിച്ചുമൂടപ്പെട്ട വാളയാർ കേസ്, ഹൈക്കോടതിയുടെ ഇടപെടലിൽ ഉയിർത്തെഴുന്നേറ്റിട്ടും അട്ടിമറി ശ്രമങ്ങൾ സജീവമാണ്. കേരളമാകെ തുറന്നുപിടിച്ച കണ്ണുകളുമായി കാവൽ നിൽക്കുന്നതിനാൽ, രഹസ്യമായ അട്ടിമറി ശ്രമങ്ങളാണ് നടക്കുന്നത്. നടപടിക്രമങ്ങളിൽ മന:പൂർവം പാളിച്ചകളുണ്ടാക്കി കോടതിയിൽ കേസിന്റെ തുടരന്വേഷണവും തുടർവിചാരണയും അട്ടിമറിക്കാനാണ് നീക്കം. നടപടിക്രമങ്ങളിലെ പാളിച്ചകൾ കോടതിയിൽ ചോദ്യം ചെയ്താൽ പ്രതികൾക്കാവും ഗുണമാവുക. അതിനാൽ കേസിന്റെ നടത്തിപ്പിൽ ഒരു ചെറുപഴുതു പോലും അനുവദിക്കരുത്. നീതിയുടെ വീണ്ടെടുപ്പ് ഉറപ്പാക്കാൻ ഹൈക്കോടതി രക്ഷിതാവിന്റെ ഹൃദയത്തോടെ വിധിപറഞ്ഞ കേസിലാണ് പൊലീസിലെയും സർക്കാരിലെയും ഏമാൻമാരുടെ അട്ടിമറി നീക്കങ്ങൾ.

വാളയാറിൽ നിന്ന് കേരളത്തിന്റെ നെഞ്ചിലെ അണയാത്ത നോവായി പടർന്ന കുരുന്നു സഹോദരിമാരുടെ ദുരൂഹമരണത്തിൽ, പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി പുനർവിചാരണയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് നിർദ്ദേശിച്ചിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ പാളിച്ചകൾ പ്രതികളെ വെറുതേ വിടാനിടയാക്കിയെന്ന് ഹൈക്കോടതി തന്നെ വിമർശിച്ച സാഹചര്യത്തിൽ, എത്രയും വേഗം തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയായ പാലക്കാട് പോക്സോ കോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു മുതിരാതെ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാനും കോടതിയുടെ അനുമതി തേടും മുൻപ് തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയുമാണ് സർക്കാർ ചെയ്തത്. ഇവ രണ്ടും ചട്ടവിരുദ്ധമായ നടപടികളായതിനാൽ മേൽക്കോടതികളിൽ പ്രതികൾക്ക് ചോദ്യം ചെയ്യാൻ അവസരമുണ്ടാവും.

അന്തിമറിപ്പോർട്ട് നൽകിയശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, തുടരന്വേഷണം സി.ബി.ഐക്ക് കൈമാറി വിജ്ഞാപനമിറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. വാളയാർ കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. വിചാരണ മാത്രമാണ് റദ്ദാക്കിയത്. പുതിയ തെളിവുകളുണ്ടെന്നും കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും സർക്കാരിന് ഹൈക്കോടതിയോട് അപേക്ഷിക്കാം. ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണ ഉത്തരവിടാനാവും. ചട്ടപ്രകാരമല്ലാത്ത സർക്കാരിന്റെ വിജ്ഞാപനം സി.ബി.ഐയും കേന്ദ്ര പേഴ്സണൽ മന്ത്രാലയവും സ്വീകരിക്കാനുമിടയില്ല. വിചാരണക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീലിനൊപ്പം സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി കൂടി സർക്കാ‌ർ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുമായിരുന്നു.

സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരോ രക്ഷിതാക്കളോ ഹൈക്കോടതിയിൽ ഹർജി നൽകുകയാണ് ഇനി ചെയ്യേണ്ടത്. പ്രോസിക്യൂട്ടർ തുടരന്വേഷണത്തിന് അപേക്ഷിച്ചാലും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണക്കോടതിയായ പാലക്കാട് സെഷൻസ് കോടതിക്ക് അധികാരമില്ല. ഹൈക്കോടതികൾക്കും സുപ്രീംകോടതിക്കും മാത്രമാണ് ഈ അധികാരം. പൊലീസിന്റെ തുടരന്വേഷണമേ വിചാരണക്കോടതിക്ക് ഉത്തരവിടാനാവൂ. വേണമെങ്കിൽ പുനരന്വേഷണത്തിനുള്ള ഹർജി വിചാരണക്കോടതിക്ക് ഹൈക്കോടതിയിലേക്ക് റഫർ ചെയ്യാം. മുൻപ്, പാലക്കാട്ടെ വെടിവയ്പ്പ് കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിനുള്ള സെഷൻസ് കോടതിയുടെ ഉത്തരവ്, നിശിതമായ വിമർശനത്തോടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെഷൻസ് കോടതി വിചാരണ നടത്തി വിധിപറഞ്ഞ കേസായതിനാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടുന്നതാണ് നിയമപരമായ നടപടിക്രമമെന്ന് സി.ബി.ഐ അഭിഭാഷകൻ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സി.ബി.ഐ വരരുത് എന്ന ദുരുദ്ദേശത്തോടെ തുടങ്ങിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടു പോയെങ്കിലും പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ വകയായിരുന്നു അടുത്ത അട്ടിമറി. തുടരന്വേഷണത്തിന് കോടതി അനുമതി നൽകും മുൻപേ, അന്വേഷണ ഏജൻസിക്ക് പുറത്തുള്ള എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപം നൽകി ഉത്തരവിറക്കുകയും അത് വാർത്താക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തു. കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്നാണ് ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്രിസ് ബി.കെമാൽ പാഷ വിലയിരുത്തിയത്. രാജ്യത്തെ നിയമപ്രകാരം തുടരന്വേഷണത്തിന് കോടതിക്കേ ഉത്തരവിടാനാവൂ. ക്രിമിനൽ നടപടിച്ചട്ടം 173(8)പ്രകാരം തുടരന്വേഷണ ഉത്തരവുണ്ടായ ശേഷം, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സുപ്പീരിയർ ഓഫീസറുടെ നേതൃത്വത്തിൽ സംഘമുണ്ടാക്കി കോടതിയെ അറിയിക്കാം. നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സോജനാണ് അന്വേഷിക്കുന്നതെന്നതിനാൽ ക്രൈംബ്രാഞ്ചിലെ എസ്.പിക്കോ ഐ.ജിക്കോ തുടരന്വേഷണ സംഘത്തിന്റെ തലവനാകാം. റെയിൽവേ പൊലീസിൽ ഡെപ്യൂട്ടേഷനിലുള്ള നിശാന്തിനിയെ ചുമതലപ്പെടുത്താനാവില്ല. അതിനാൽ തെറ്റായ നടപടിക്രമമാണിത്.

തുടരന്വേഷണം വിചാരണക്കോടതി അംഗീകരിച്ച ശേഷം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. ഹൈക്കോടതികൾക്കും സുപ്രീംകോടതിക്കും മാത്രമാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമെന്നതിനാലാണിത്. വിചാരണക്കോടതിയായ പാലക്കാട് സെഷൻസ് കോടതിക്ക് ഇതിനുള്ള അധികാരമില്ല. വേണമെങ്കിൽ സി.ബി.ഐ വേണമെന്ന ഹർജി ഹൈക്കോടതിയിലേക്ക് റഫർ ചെയ്യാം.

അതേസമയം, വിചാരണയിലിരിക്കുന്ന കേസിൽ ഏതുസമയത്തും പൊലീസിന് തുടരന്വേഷണം നടത്താം. കോടതിയുടെ അനുമതി വേണ്ട. കൂടുതൽ തെളിവുകളോ വിവരങ്ങളോ കിട്ടിയെന്ന് മേലുദ്യോഗസ്ഥൻ കോടതിയെ അറിയിച്ചാൽ മതി. ഇക്കാലയളവിൽ വിചാരണ നിറുത്തിവയ്‌ക്കും. എന്നാൽ വാളയാർ കേസിൽ ഇത് ബാധകമല്ല. വിചാരണ കഴിഞ്ഞ കേസുകളിൽ തുടരന്വേഷണത്തിന് കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. റെയിൽവേ എസ്.പി അന്വേഷണ ഉദ്യോഗസ്ഥന്റെ സുപ്പീരിയർ ഓഫീസറല്ലാത്തതിനാൽ ഡി.ജി.പിയുടെ നടപടി ചട്ടപ്രകാരമല്ല. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടശേഷം സി.ബി.ഐ വേണമെന്ന് അപേക്ഷ നൽകുകയാണ് വേണ്ടത് - ജസ്റ്റിസ് ബി.കെമാൽ പാഷ വ്യക്തമാക്കി.

ഇനി വേണ്ടാ....അട്ടിമറികൾ

1.അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയ നിരവധി കേസുകൾ സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. വിജ്ഞാപനം അനുസരിക്കണമെന്ന് സി.ബി.ഐയ്ക്ക് നിയമപരമായ ബാദ്ധ്യതയില്ലാത്തതാണ് കാരണം.

2. പൊലീസിന്റെ തുടരന്വേഷണം കൊണ്ട് കാര്യമില്ലെന്ന് സർക്കാർ ബോധിപ്പിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം 173(8)പ്രകാരം തുടരന്വേഷണത്തിന് ഹൈക്കോടതിക്ക് ഉത്തരവിടാം. കോടതി ഉത്തരവിട്ടാൽ സി.ബി.ഐയ്ക്ക് അന്വേഷണം ഏറ്റെടുത്തേ പറ്റൂ.

3.പ്രതികളെ വെറുതേ വിട്ടത് തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണ നടത്തിയവരുടെ കൃത്യവിലോപം മൂലമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതിനാൽ സി.ബി.ഐയുടെ തുടരന്വേഷണത്തെ ഹൈക്കോടതി എതിർക്കാനിടയില്ല.

4. തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.